ഉദിച്ചുയർന്ന് സൂര്യകുമാർ...; ഇന്ത്യക്ക് തകർപ്പൻ ജയം
ഏഴ് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തകർത്തത്
തുടർച്ചയായ രണ്ട് മത്സരങ്ങളിലെ മോശം ഫോമിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഓപ്പണർ സൂര്യകുമാർയാദവിന്‍റെ അർധസെഞ്ച്വറിയുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് മിന്നും ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തകർത്തത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു.
വിൻഡീസിനെ ഒറ്റക്ക് തോളിലേറ്റിയ ഓപ്പണർ കെയിൽ മെയേഴ്‌സിനെ അതേ നാണയത്തിലാണ് സൂര്യകുമാർയാദവ് തിരിച്ചടിച്ചത്. 44 പന്തിൽ നാല് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ സൂര്യകുമാർ 76 റൺസ് എടുത്തു.
മത്സരത്തിൽ പേശീവലിവിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ റിട്ടയർഡ് ഹർട്ടായി. ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ സൂര്യകുമാറിനൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് മടങ്ങിയത്. ശ്രേയസ് 24 റൺസെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ റിഷബ് പന്ത് ഇന്ത്യയെ വിജയതീരമണക്കുകയായിരുന്നു. പന്ത് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.
നേരത്തേ ഓപ്പണർ കെയ്ൽ മെയേഴ്‌സിന്‍റെ അർധ സെഞ്ച്വറിയാണ് വെസ്റ്റിൻഡീസിന് ബേധപ്പെട്ട സ്‌കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 164 റൺസെടുത്തു. മെയേഴ്‌സ് 50 പന്തിൽ നാല് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു.
ആദ്യ വിക്കറ്റിൽ ബ്രണ്ടൻ കിങ്ങിനൊപ്പം അർധ സെഞ്ച്വറി കൂട്ടു കെട്ട് പടുത്തുയർത്തിയ മെയേഴ്‌സ് രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ നിക്കോളസ് പൂരനൊപ്പവും അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മടങ്ങിയത്. ബ്രണ്ടൻ കിങ് 20 റൺസെടുത്ത് പുറത്തായപ്പോൾ നിക്കോളാസ് പൂരൻ 22 റൺസെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ റോവ്മന്‍ പവലും ഷിംറോണ്‍ ഹെറ്റ്മെയറും വിന്‍ഡീസ് സ്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും അധികം സംഭാവനകള്‍ നല്‍കാനായില്ല. പവല്‍ 23 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 20 റണ്‍സ് എടുത്ത് നില്‍ക്കേ റണ്ണൌട്ടായി.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.