സ്വപ്‌ന നേട്ടത്തിന് അരികെ സൂര്യകുമാർ യാദവ്: ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക്‌

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും അർധ സെഞ്ചുറി നേടിയതോടെ ഇന്ത്യക്കായി കളിച്ച അവസാന 3 കളികളിലും സൂര്യ അര്‍ധ ശതകം കണ്ടെത്തിയിരുന്നു

Update: 2022-10-03 14:10 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: കത്തിജ്വലിക്കുന്ന ഫോമില്‍ നില്‍ക്കുകയാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും അർധ സെഞ്ചുറി നേടിയതോടെ ഇന്ത്യക്കായി കളിച്ച അവസാന 3 കളികളിലും സൂര്യ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. ഇത് താരത്തിന് റാങ്കിങിലും വന്‍ നേട്ടമുണ്ടാക്കി. ഒന്നാം സ്ഥാനം ഉറപ്പിക്കുന്ന രീതിയിലേക്ക് സൂര്യ നീങ്ങി. നിലവില്‍ പാക് ബാറ്ററായ മുഹമ്മദ് റിസ്‌വാനാണ് ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനത്തെ മത്സരത്തിലും സൂര്യകുമാര്‍ യാദവ് അര്‍ധ ശതകം കണ്ടെത്തിയിരുന്നു. താരത്തിന്റെ റേറ്റിങ് ഇപ്പോള്‍ 801 ആണ്. ഒന്നാം സ്ഥാനത്തുള്ള റിസ് വാന്റെ റേറ്റിങ് 861ഉം.

ഇഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20കളില്‍ ഒന്നില്‍ റിസ്‌വാന്‍ കളിച്ചിരുന്നില്ല. രണ്ടാമത്തേതില്‍ 1 റണ്ണെടുത്ത് പുറത്താകുകയും ചെയ്തു. ഇതാണ് സൂര്യകുമാറിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുക്കിയത്. ഐ.സി.സി.യുടെ അടുത്ത അപ്ഡേഷനില്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത് എത്തും. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ട20യില്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സൂര്യ 22 പന്തില്‍ 61 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ കുറഞ്ഞ സ്കോറിന് പുറത്തായാലും തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ സൂര്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും. 

അന്താരാഷ്ട്ര ടി20യിൽ 1000 റൺസെന്ന നാഴികക്കല്ലിലെത്തുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമെന്ന‌ നേട്ടവും ഇന്നലെ സൂര്യകുമാർ യാദവ് സ്വന്തമായിരുന്നു. ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാണ് ഇപ്പോൾ 'സ്കൈ'. വിരാട് കോഹ്ലിയും, കെ എൽ രാഹുലുമാണ് ഇക്കാര്യത്തിൽ രാഹുലിന് മുന്നിൽ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News