ഈ മൂന്ന് കളിക്കാർ വിൻഡീസിലേക്ക് പോകുന്നത് വെറുതെ, കളിക്കാൻ അവസരം ലഭിക്കില്ല
അടുത്ത മാസം 12 മുതലാണ് വിൻഡീസ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര.
മുംബൈ: 2023 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെസ്റ്റ്ഇൻഡീസിനെതിരെയാണ് ആദ്യ പരമ്പര. ലോകകപ്പ് ടീമിലേക്ക് ആരൊക്കെ വരും എന്നത് വരും പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിതക്കുക. ടീമിൽ അവസരം ലഭിച്ചാലും അന്തിമ ഇലവനിൽ ഇടം ലഭിക്കാൻ എല്ലാ കളിക്കാർക്കും കഴിയില്ല. അത്തരം മൂന്ന് കളിക്കാരെ വിലയിരുത്തുകയാണ് ഇവിടെ. അടുത്ത മാസം 12 മുതലാണ് വിൻഡീസ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര.
ഋതുരാജ് ഗെയിക്‌വാദ്
മികച്ച ഫോമിലായിട്ടും ഗെയിക് വാദിന് ഇനിയും കാത്തിരിക്കേണ്ടിവരും. കാരണം ഓപ്പണിങിൽ ഇപ്പോഴുള്ള രോഹിത്-ശുഭ്മാൻ ഗിൽ സഖ്യം ക്ലിക്കാണ്. ഇവരെ മാറ്റിയൊരു പരീക്ഷണത്തിന് ടീം ഇന്ത്യ മുതിരില്ല. പരിക്കോ മറ്റോ വന്നാൽ മാത്രമെ ഇതിനൊരു മാറ്റം വരൂ. വിരാട് കോഹ്ലി മൂന്നാം നമ്പറിലും പിന്നാലെ സൂര്യകുമാർ യാദവും വരുന്ന ടീം ഘടനയാണ് ഇന്ത്യക്കുള്ളത്. ഇനി വിക്കറ്റ് കീപ്പർ ബാറ്റർ എന്നൊരാളെയാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കിൽ ഇഷൻ കിഷനോ സഞ്ജുസാംസണോ ടീമിൽ ഇടം നേടും.
മുകേഷ് കുമാർ
റെഡ്‌ബോൾ ക്രിക്കറ്റിൽ മുകേഷ് കുമാറിന്റെ കഴിവിലും പ്രാപ്തിയിലും ആർക്കും സംശയമില്ല. എന്നാൽ വൈറ്റ് ബോളിലേക്ക് വരുമ്പോൾ ആ പ്രകടനം മതിയാകില്ല. 24 ലിസ്റ്റ് എ മത്സരങ്ങളാണ് മുകേഷ് കുമാർ കളിച്ചത്. 26 വിക്കറ്റുകളെ വീഴ്ത്താനായുള്ളൂ. അതിനാൽ തന്ന വിൻഡീസ് പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറാം എന്നത് വിദൂര ആഗ്രഹം മാത്രം. അതിനാൽ തന്നെ ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ശർദുൽ താക്കൂർ എന്നിവരെ പിന്തള്ളി മുകേഷിന് അരങ്ങേറാനാകില്ല. അങ്ങനെ വന്നാൽ ഏകദിന അരങ്ങേറ്റത്തിനായി മുകേഷ് ഇനിയും കാത്തിരിക്കണം.
യൂസ്‌വേന്ദ്ര ചാഹൽ
2023ൽ രണ്ട് ഏകദിനങ്ങളെ ചാഹൽ കളിച്ചുള്ളൂ. അതിൽ എറിഞ്ഞ 17.2 ഓവറുകളിൽ നിന്നായി 101 റൺസാണ് ചാഹൽ വിട്ടുകൊടുത്തത്. അതേസമയം ചഹലിന്റെ പങ്കാളിയായ കുൽദീപ് യാദവ് മികച്ച ഫോമിലുമാണ്. എട്ട് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ വീഴ്ത്തി. വിൻഡീസിൽ രണ്ട് വ്രിസ്റ്റ് സ്പിന്നർമാരെ ന്ത്യ കളിപ്പിക്കാൻ സാധ്യത വളരെ കുറവ്. ബാറ്റിങിന്റെ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനാകും എന്നത് കുൽദീപിനും നേട്ടമാണ്. ജഡേജ കൂടിയുള്ളതിനാല്‍ ചഹലിന് വിൻഡീസിനെതിരെ പുറത്തിരിക്കേണ്ടി വരും.
വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ) , ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.