ക്രിക്കറ്റിന് വേണം, ​അമേരിക്കയെ

Update: 2024-06-08 10:26 GMT
Editor : safvan rashid | By : Sports Desk
Advertising

യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ​അമേരിക്ക. ആയുധബലം കൊണ്ടും വ്യാവസായിക വളർച്ചകൊണ്ടും ലോകത്തെ ഭരിക്കാതെ ഭരിക്കുന്നവർ. ​പക്ഷേ ഫുട്ബോൾ അടക്കമുള്ള ലോക​ത്തെ ഏറ്റവും പ്രധാനപ്പെട്ട ടീം സ്​പോർട്സ് ഇനങ്ങളിലൊന്നും അമേരിക്കക്ക് വലിയ താൽപര്യമില്ല. അമേരിക്കൻ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ,ബേസ് ബോൾ എന്നിവയാണ് അവരുടെ പ്രധാന കായിക വിനോദങ്ങൾ. സോക്കർ എന്ന് അമേരിക്കക്കാർ വിളിക്കുന്ന ഫുട്ബോളിന് പോലും അമേരിക്കയിൽ താരതമ്യനെ പ്രചാരം കുറവാണ്. സാക്ഷാൽ ലയണ​ൽ ​മെസ്സിയടക്കം പന്തുതട്ടുന്ന മേജർ സോക്കർ ലീഗ് അടക്കമുള്ള ഫുട്ബോൾ ലീഗ് മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ബേസ്ബോളിനെയും ബാസ്ക്കറ്റ് ബോളിനെയും വെല്ലാനുള്ള മിടുക്കൊന്നും കാൽപന്തിന് ഇനിയുമായിട്ടില്ല.

അപ്പോൾ പിന്നെ ഒരു ​കോമൺവെൽത്ത് ഗെയിം മാത്രമായ ക്രിക്കറ്റിന്റെ കാര്യം പറയണോ.. പക്ഷേ ക്രിക്കറ്റിന് വളരാനുള്ള ഒരു വലിയ ഭൂമിക അമേരിക്കയിലുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഏറെക്കുറെ ക്രിക്കറ്റിന് സമാനമായ ബേസ്ബോൾ അടക്കമുള്ള ഒട്ടേറെ കായിക ഇനങ്ങളുള്ള രാജ്യത്ത് ക്രിക്കറ്റിന് വലിയ പ്രചാരത്തിലേക്ക് മുന്നേറുക വലിയ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ക്രിക്കറ്റിന് തങ്ങള​ുടേതായ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കാനും വളരാനുമുള്ള ഇടം അവിടെയുണ്ട്. അതിന് ഏറ്റവും പ്രധാനകാരണം ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ള വലിയ കുടിയേറ്റമാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അനുദിനം വർധിക്കുന്നതായും കാണാം. കൂടാതെ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹം സാമ്പത്തികമായും വലിയ ശേഷിയുള്ളവരാണ്. മാത്രമല്ല, അടുത്തുകിടക്കുന്ന കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ധാരാളമായി അവടെയുണ്ട്.

മറ്റേത് രാജ്യത്തേക്കാളും വലിയ ഒരു ക്രിക്കറ്റ് ഹെറിറ്റേജ് അവർക്കുണ്ട്. 1700കളിൽ തന്നെ ഈ കളി അമേരിക്കയിലുണ്ടായിരുന്നു. 19ാം നൂറ്റാണ്ടിൽതന്നെ രാജ്യത്ത് 1000ത്തോളം ക്രിക്കറ്റ് ക്ലബുകളുണ്ടായിരുന്നതായി ഫോക്സ് ന്യൂസ് പറയുന്നു. 1844ൽ ലോകത്തെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത് അമേരിക്കയും കാനഡയും തമ്മിലാണ്. അന്ന് പതിനായിരത്തിലേറെ കാണികൾ സ്റ്റേഡി​യത്തിലുണ്ടായിരുന്നു. ചിക്കാഗോയും മിൽവാകീയും തമ്മിൽ 1849ൽ നടന്ന മത്സരം കാണാൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ എത്തിയതായും ചരിത്രത്തിലുണ്ട്.

ഇതെല്ലാം മുന്നിൽകണ്ടുകൊണ്ടാണ് അമേരിക്കയിൽ 20 ടീമുകളെ അണിനിരത്തിയുള്ള ട്വന്റി 20 ലോകകപ്പെന്ന വലിയ സാഹസത്തിന് ഐസിസി മുതിരുന്നത്. 2028ൽ അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഇടം പിടിച്ചിട്ടുണ്ട്. അതിനുള്ള ഒരു ​​മുന്നൊരുക്കമായും ടൂർണമെന്റിനെ​ ഐസിസി മുന്നിൽ കാണുന്നു. 1994ൽ ലോകകപ്പ് ഒരുക്കി അമേരിക്കയിൽ ഫുട്ബോളിന് വളക്കൂറുണ്ടാക്കിയ ഫിഫയുടെ പരീക്ഷണം തന്നെയാണ് ഐസിസി ആവർത്തിക്കാൻ ശ്രമിക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെ, അഡോബി സിഇഒ ഷന്തനു നാരായണൻ അടക്കമുള്ളവരുടെ നിക്ഷേപത്തോടെ നടത്തുന്ന മേജർ ക്രിക്കറ്റ് ലീഗ് ഇതിനോടകംതന്നെ രാജ്യത്ത് ഓളമുണ്ടാക്കിയിട്ടുണ്ട്.

ടീമിൽ അസ്സൽ അമേരിക്കക്കർ അധികമില്ലെങ്കിലും യു.എസ്.എ ടീം പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ട് ലോകക്രിക്കറ്റിലേക്ക് വരവറിയിച്ചിട്ടുണ്ട്. പാകിസ്താനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യയോടും കരുതിയിരിക്കാൻ അമേരിക്കൻ താരങ്ങൾ മുന്നറിയിപ്പ് നൽകുന്നു. വ്യത്യസ്ത രാജ്യക്കാരും വ്യത്യസ്ത സംസ്കാരങ്ങളും ചേർന്ന ഒരു ടീമാണ് യു.എസ്.എ ജേഴ്സിയണിഞ്ഞ് ടൂർണമെന്റിൽ കളിക്കുന്നത്.അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ സമൂഹമായ ഇന്ത്യക്കാർക്ക് തന്നെയാണ് ടീമിലും ഭൂരിപക്ഷം. ഗുജറാത്തിൽ നിന്നുള്ള മൊനാൻക് പട്ടേലാണ് ടീമിനെ നയിക്കുന്നത്. ന്യൂസിലാൻഡിന്റെ മുൻ അന്താരാഷ്ട്രതാരം കോറി ആൻഡേഴ്സൺ, മുംബൈയിൽ ജനിച്ച സൗരഭ് നേത്രവാൽക്കർ, കർണാടകയിൽ വേരുകളുള്ള നൊസ്തുഷ് കെഞ്ചിഗെ, കാനഡയിലെ ഇന്ത്യൻ മാതാപിതാക്കൾക്ക് പിറന്ന നിതീഷ് കുമാർ, ദക്ഷിണാഫ്രിക്കക്കാരനായ ആൻഡ്രീസ് ഗോസ്, ജമൈക്കക്കാരനായ സ്റ്റീവൻ ടൈലർ, ബാർബഡോസുകാരനായ ആരോൺ ജോൺസ്, പാകിസ്താനിൽ നിന്നുള്ള അലിഖാൻ എന്നിവരെല്ലാം ചേർന്നതാണ് യു.എസ്.എ ടീം.

ടീമിൽ ഏറെ ഇന്ത്യക്കാർ ഉള്ളതിനാൽ തന്നെ പാകിസ്താന്റെ തോൽവി ഇന്ത്യൻ ആരാധകർ ഏറെ ആഘോഷമാക്കി. H-1b വിസയെടുത്ത് അമേരിക്കയിൽ എത്തിയവരാണ് പാകിസ്താനെ മലർത്തിയടിച്ചതെന്നായിരുന്നു കമന്റുകൾ. രാജ്യത്തുള്ള വലിയ ദക്ഷിണേഷ്യൻ രാജ്യക്കാരെയും കരീബിയക്കരെയും കൂട്ടിച്ചേർത്ത് യു.എസ്.എ വൈകാതെ ക്രിക്കറ്റിലെ അതിശക്തമായ ടീമുകളിലൊന്നായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News