'ആരാ ഈ വരുന്നേ...'; വാട്ടർബോയി ആയി വിരാട് കോഹ്‌ലി, കയ്യടി

രണ്ടാം ഏകദിനത്തിൽ കളിച്ചില്ലെങ്കിലും വിരാട് കോഹ് ലി സമൂഹമാധ്യമങ്ങളിൽ തരംഗമായി

Update: 2023-07-30 08:19 GMT
Editor : rishad | By : Web Desk
Advertising

ബ്രഡ്ജ്ടൗൺ: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലി ബാറ്റിങിന് ഇറങ്ങിയില്ല, രണ്ടാം ഏകദിനത്തിൽ താരം കളിച്ചതുമില്ല. ലോകകപ്പിന് മുന്നോടിയായി എല്ലാവർക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോഹ്‌ലിയും രോഹിതുമടക്കമുള്ള സീനിയർ താരങ്ങൾ കയറി നിന്നത്. എന്നാൽ രണ്ടാം ഏകദിനത്തിൽ യുവതാരങ്ങൾ അമ്പെ പരാജയപ്പെട്ടു.

ഇഷൻ കിഷന്റെ അർധ സെഞ്ച്വറി ഒഴിച്ചുനിർത്തിയാൽ എല്ലാവരും പത്തി മടത്തി. ക്യാപ്റ്റനായി അരങ്ങേറിയ ഹാർദിക് പാണ്ഡ്യയും നിരാശപ്പെടുത്തി. കളിച്ചില്ലെങ്കിലും വിരാട് കോഹ്‌ലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലോക ക്രിക്കറ്റിലെ സൂപ്പർതാരമായ വിരാട് കോഹ്‌ലി വാട്ടർബോയ് ആയി ഗ്രൗണ്ടിലെത്തിയാണ് ആരാധകരെ കയ്യിലെടുത്തത്. ഐ.പി.എൽ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിൽ ഏറെക്കാലം സഹതാരമായിരുന്ന യൂസ് വേന്ദ്ര ചാഹലിനൊപ്പമാണ് കോഹ്ലി വാട്ടർബോയി ആയി ഗ്രൗണ്ടിലെത്തിയത്.

എന്നാല്‍ ഇതാദ്യമായല്ല കോഹ്‌ലി വാട്ടര്‍ബോയി ആകുന്നത്.  ഇതിന് മുമ്പ് 2017ൽ ആയിരുന്നു കോഹ്‌ലിയുടെ വാട്ടർബോയി ആയുള്ള വരവ്. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു അത്. അന്ന് വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ നായക സ്ഥാനത്ത്. എന്നാൽ പരിക്ക് മൂലം ആ മത്സരത്തിൽ കോഹ്‌ലി കളിച്ചില്ല. അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചിരുന്നത്.

അതേസമയം കോഹ്‌ലിയുടെ വാട്ടർ ബോയി ആയുള്ള വരവ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. കോഹ്‌ലിക്ക് താര ജാടകളൊന്നുമില്ലെന്നും വേണ്ട സമയത്ത് ഇടപെടാൻ കൂടി വേണ്ടിയാണ് താരം ഗ്രൗണ്ടിലെത്തിയതെന്നുമാണ് ആരാധകർ പങ്കുവെക്കുന്നത്. അതേസമയം മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാനായില്ല. പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് ബൗളർമാർ തിളങ്ങിയപ്പോൾ ഇന്ത്യയുടെ പോരാട്ടം 181ൽ അവസാനിച്ചു.

മറുപടി ബാറ്റിങിൽ ശർദുൽ താക്കൂർ ആതിഥേയരെ ഒന്ന് വിറപ്പിച്ചെങ്കിലും വിജയലക്ഷ്യമായി മുന്നോട്ട് വെച്ച റൺസ് പോരായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ വിൻഡീസ് ഒപ്പമെത്തി. മൂന്നാ ഏകദിനം ചൊവ്വാഴ്ച നടക്കും. നിർണായക മത്സരമായതിനാൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടീമിലെത്തിയേക്കും. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News