മകള്‍ക്ക് അന്ത്യചുംബനം നല്‍കി മൈതാനത്തേക്ക്; തകര്‍ന്ന നെഞ്ചുമായി കളിക്കാനിറങ്ങിയ സോളങ്കിക്ക് സെഞ്ച്വറി

ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സോളങ്കിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്

Update: 2022-02-26 07:43 GMT
Advertising

രഞ്ജി ട്രോഫിയിൽ ബറോഡക്കായി കളിക്കുന്ന ബാറ്റർ വിഷ്ണു സോളങ്കിയെത്തേടി ആ ദുഖവാർത്തയെത്തിയത് മൂന്നു ദിവസം മുമ്പാണ്. പിറന്നു വീണയുടന്‍ സ്വന്തം മകള്‍ ലോകത്തോട് വിടപറഞ്ഞുവെന്ന വാര്‍ത്തയായിരുന്നു അത്. നിറകണ്ണുകളുമായി തന്‍റെ നാടായ  വഡോദരയിലേക്ക് വണ്ടികയറിയ സോളങ്കി മകളുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മൂന്നു ദിവസത്തിനകം വീണ്ടും ബറോഡ ടീമിനൊപ്പം ചേർന്നു.

നെഞ്ചുതകര്‍ന്ന വേദനയുമായി കളിക്കാനിറങ്ങിയിട്ടും രഞ്ജി ട്രോഫിയില്‍ ഇന്നലെ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച സോളങ്കിയെ വാഴ്ത്തുകയാണിപ്പോൾ ക്രിക്കറ്റ് ലോകം. മത്സരത്തിൽ അഞ്ചാമനായിറങ്ങി സോളങ്കി 12 ബൗണ്ടറികളുടെ അകമ്പടിയിൽ 161 പന്തിൽ നിന്ന് അടിച്ചെടുത്തത് 103 റൺസാണ്. രണ്ടാം ദിവസം കളിയവസാനിച്ചപ്പോൾ സോളങ്കിയുടെ സെഞ്ച്വറിയുടെ മികവിൽ ബറോഡ ഏഴുവിക്കറ്റ് നഷ്ടത്തിൽ 398 റൺസെടുത്തിട്ടുണ്ട്.  

ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സോളങ്കിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഷെൽഡൺ ജാക്‌സന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

"വിഷ്ണു സോളങ്കിക്ക്  ബിഗ് സല്യൂട്ട്. ഞാനിതുവരെ കണ്ടതിൽ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. മകളുടെ മരണത്തിന് ശേഷം ഇങ്ങനെയൊരു പ്രകടനം അത്ര എളുപ്പമല്ല. അദ്ദേഹത്തിന് ഇനിയുമൊരുപാട് സെഞ്ച്വറികൾ നേടാനാവട്ടെ എന്ന് ആശംസിക്കുന്നു"

ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒ ശിശിർ ഹട്ടാംഗഡിയും സോളങ്കിയെ അഭിനന്ദിച്ച് രംഗത്തെത്തി.

"കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തം മകളെ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ കഥയാണിത്. മകളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു സെഞ്ച്വറി നേടിയിരിക്കുന്നു. അയാളുടെ പേരു കേട്ടാൽ സോഷ്യൽ മീഡിയ ചിലപ്പോൾ ലൈക്ക് അടിച്ചേക്കണമെന്നില്ല. എന്നാൽ എനിക്ക് അയാളൊരു റിയൽ ഹീറോയാണ്"- ശിശിർ ഹട്ടാംഗഡി കുറിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News