'എല്ലാ വിക്കറ്റും വിക്കറ്റല്ല'; ദേവ്ദത്ത് പടിക്കലിന്‍റെ പുറത്താകലിന് പിറകേ രാജസ്ഥാൻ റോയൽസ്
50 റണ്‍സെടുക്കുന്നതിനിടെ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടമായി.
ജയ്പൂര്‍: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താരതമ്യേന ചെറിയ ടോട്ടൽ പ്രതിരോധിക്കാനിറങ്ങിയ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയാണ് നേരിടുന്നത്. 50 റണ്‍സെടുക്കുന്നതിനിടെ ടീമിന് ഏഴ് വിക്കറ്റ് നഷ്ടമായി. മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്‍റെ പുറത്താകലുമായി ബന്ധപ്പെട്ടൊരു വിവാദം പുകയുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ബ്രേസ്‌വെല്ലിന്റെ പന്തിൽ മുഹമ്മദ് സിറാജെടുത്ത ക്യാച്ചാണ് വിവാദമായത്
ക്യാച്ചെടുക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിൽ തട്ടുന്നത് റിപ്ലേയിൽ വ്യക്തമായിരിന്നിട്ടും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിധിക്കുകയായിരുന്നു. വിക്കറ്റ് വീണയുടന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. എല്ലാ വിക്കറ്റും വിക്കറ്റല്ല എന്നാണ് രാജസ്ഥാന്‍ കുറിച്ചത്.
അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റേയും ഗ്ലെൻ മാക്‌സ്‍വെല്ലിന്റേയും മികവിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 171 റൺസെടുത്തു. രാജസ്ഥാന് വേണ്ടി മലയാളി താരം കെ.എം ആസിഫും ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറിൽ സൂപ്പർ താരം വിരാട് കോഹ്ലിയെ ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് കെ.എം ആസിഫ് രാജസ്ഥാന് ആദ്യ ബ്രേക് ത്രൂ നൽകി. പിന്നീട് ക്രീസിൽ ഒന്നിച്ച ഡുപ്ലെസിസും മാക്‌സ് വെല്ലും ചേർന്ന് ബാംഗ്ലൂർ സ്‌കോർ പതിയെ ചലിപ്പിച്ചു തുടങ്ങി. 15ാം ഓവറിൽ ഫാഫ് ഡുപ്ലെസിസിനെയും ആസിഫ് ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചു. 44 പന്തിൽ രണ്ട് സിക്‌സിന്റേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലായിരുന്നു ഡുപ്ലെസിസ് അർധ ശതകം തികച്ചത്. പിന്നീടെത്തിയ ലോംറോറിനേയും ദിനേശ് കാർത്തിക്കിനേയും 16ാം ഓവറിൽ കൂടാരം കയറ്റി സാംപ ബാംഗ്ലൂരിനെ ഞെട്ടിച്ചു. അവസാന ഓവറിൽ അനൂജ് റാവത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ ഭേധപ്പെട്ട സ്‌കോറിലെത്തിച്ചത്. വെറും 11 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടിച്ച റാവത്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു.