ഇന്നിങ്സ് തോല്‍വി; സ്വന്തം മണ്ണില്‍ നാണംകെട്ട് പാകിസ്താന്‍
ഇംഗ്ലീഷ് ജയം ഇന്നിങ്‌സിനും 47 റൺസിനും
മുൾട്ടാനിൽ എല്ലാം പെട്ടെന്നായിരുന്നു. തങ്ങളുയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താനെ 220 റൺസിന് എറിഞ്ഞിട്ട ഇംഗ്ലീഷ് സംഘം ഇന്നിങ്‌സിനും 47 റൺസിനുമാണ് ആദ്യ ടെസ്റ്റില്‍ വിജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രൈഡൻ കാർസും ആറ്റ്കിൻസണും ചേർന്നാണ് സ്വന്തം കാണികൾക്ക് മുന്നിൽ പാകിസ്താനെ നാണം കെടുത്തിയത്.
ആദ്യ ഇന്നിങ്‌സിൽ 500 റൺസ് സ്‌കോർ ചെയ്തിട്ടും ഇംഗ്ലണ്ടിന് മുന്നിൽ തോൽവിയേറ്റുവാങ്ങിയ പാകിസ്താൻ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം പരമ്പര തോൽവിയുടെ വക്കിലാണ്. നേരത്തേ ബംഗ്ലാദേശിന് മുന്നിലും പാക് പട പരമ്പര അടിയറ വച്ചിരുന്നു. ആദ്യ ഇന്നിങ്‌സിൽ ട്രിപിൾ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഹാരി ബ്രൂക്കാണ് കളിയിലെ താരം.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒരു ഘട്ടത്തിൽ 82-6 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ ആഗാ സൽമാനും ആമിർ ജമാലും ചേർന്ന് പടുത്തുയർത്തിയ സെഞ്ചുറിക്കൂട്ടുകെട്ടാണ് പടുകൂറ്റൻ തോൽവിയിൽ നിന്ന് പാക് പടയെ രക്ഷിച്ചത്. മത്സരത്തിൽ ഇരുവരും അർധ സെഞ്ച്വറി കുറിച്ചു.
ആദ്യ ഇന്നിങ്‌സിൽ അബ്ദുല്ലാ ഷഫീഖും ക്യാപ്റ്റൻ ഷാൻ മസൂദും ആഗാ സൽമാനും നേടിയ സെഞ്ച്വറികളുടെ കരുത്തിൽ പാകിസ്താൻ ഉയർത്തിയ 556 റൺസിന് ഹാരി ബ്രൂക്കുറം ജോ റൂട്ടും ചേർന്നാണ് മറുപടി നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബ്രൂക്ക് 322 പന്തിൽ നിന്നാണ് 317 റൺസ് അടിച്ചെടുത്തത്.
ബ്രൂക്കിന് മികച്ച പിന്തുണ നൽകിയ റൂട്ടിന്റെ സമ്പാദ്യം 262 റൺസായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത് 454 റൺസിന്റെ കൂറ്റൻ പാർട്ണർ ഷിപ്പ്. പന്തെറിഞ്ഞ പാക് ബോളർമാരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും 100 ലധികം റൺസ് വാങ്ങിക്കൂട്ടി. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ബോളർമാർ നിറഞ്ഞാടിയതോടെ സന്ദര്‍ശകര്‍ക്ക് കാര്യങ്ങൾ എളുപ്പമായി.