ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം
അവസാന നാല് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് നാളെ വിസിൽ മുഴങ്ങും
ദോഹ: ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ പോരിൽ അർജന്‍റീന ക്രൊയേഷ്യയെ നേരിടും. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഷൂട്ടൗട്ട് കടമ്പ കടന്നെത്തുന്ന അർജന്‍റീന ക്രൊയേഷ്യയും . 90 മിനിറ്റിലെ പോരിൽ ഒരു ഗോൾ വ്യത്യാസത്തിൽ എതിരാളികളെ വീഴ്ത്തിയ മൊറോക്കോയും ഫ്രാൻസും . അവസാന നാല് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് നാളെ വിസിൽ മുഴങ്ങും.
തുടക്കത്തിലെ വീഴ്ചയിൽ നിന്ന് സട കുടഞ്ഞെഴുന്നേറ്റ അർജന്‍റീന.... ലയണൽ മെസ്സിയും പടയാളികളും ഒരുമിച്ച് പോരാടുന്നു.ഷൂട്ടൌട്ടിലെ ഓരോ കിക്കും താരങ്ങളുടെ ആത്മവിശ്വാസം തുറന്നു കാട്ടുന്നു.വൈകാരികമായി കൂടി മറുപടി നൽകാൻ തുടങ്ങിയ മെസ്സി ക്രൊയേഷ്യക്കെതിരെ കാത്തുവെച്ചിരിക്കുന്നത് എന്താകും എന്ന് കണ്ടറിയണം.മോഡ്രിച്ചിന് ചുറ്റും വലയം തീർത്ത് കളിക്കുന്ന ക്രൊയേഷ്യ ബ്രസീലിനെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്.
സെറ്റ് പീസ് അവരങ്ങൾ മുതലെടുക്കുന്ന ഉയരക്കൂടുതലുള്ള താരങ്ങൾ ക്രൊയേഷ്യൻ സാധ്യതകൾ വർധിപ്പിക്കുന്നു. കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ഫ്രഞ്ച് പട ഇംഗ്ലണ്ടിനെ മറികടന്നാണ് എത്തുന്നത്. മധ്യനിരയും മുന്നേറ്റ നിരയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. അട്ടിമറികൾക്കപ്പുറം ടീമെന്ന നിലയിൽ കാട്ടുന്ന ഒത്തിണക്കമാണ് എതിരാളികളായ മൊറോക്കോയുടെ വിജയമന്ത്രം.ഗോൾ വഴങ്ങാൻ മടിക്കുന്ന മൊറോക്കൻ പ്രതിരോധപ്പട ഫ്രാൻസിന് വെല്ലുവിളിയാകും.