റൊണാൾഡോ ഇഫക്ട്; അൽ- നസ്ർ ഇൻസ്റ്റാ പേജിൽ അഞ്ച് മില്യൺ കടന്ന് ഫോളോവേഴ്‌സ്
മണിക്കൂറ് വെച്ച് ഫോളോവേഴ്സിന്‍റെ എണ്ണം കൂടിവരികയാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു ശേഷം സൗദി ക്ലബ്ബ് അൽ-നസ്‌റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകരുടെ തള്ളിക്കയറ്റമാണ്. മുൻപ് ഒൻപത് ലക്ഷത്തിൽ തഴേ മാത്രം ഫോളോവേഴ്‌സുണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോൾ 5.4 മില്യൺ ഫോളോവേഴ്‌സാണ് ഉള്ളത്. ഓരോ മണിക്കൂർ കൂടുമ്പോഴും ഫോളോവേഴ്‌സിന്റെ എണ്ണം കൂടുവരികയാണ്. ഇന്നലെ ഉണ്ടായിരുന്ന 3 മില്യൺ എന്ന കണക്കിൽ നിന്ന് 2 മില്യൺ ഫോളോവേഴ്‌സാണ് ഒരു ദിവസം കൊണ്ട് കൂടിയത്.
ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലും ആരാധക പ്രവാഹമാണ്. ഇന്നലെ ആറു ലക്ഷമായിരുന്നു ഫോളേവേഴ്‌സ് എങ്കിൽ ഇന്നത് പത്തുലക്ഷത്തിന് മുകളിലാണ്. 1.74 ലക്ഷം മാത്രംം ഫോളോവേഴ്‌സ് ഉള്ളിടത്തുനിന്നും ക്രിസ്ത്യാനോ എത്തിയതിനു പിന്നാലെ ഒമ്പത് ഇരട്ടിയിലധികം വർധനയാണ് ഉണ്ടായത്.
ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറുമാണ്.
രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്. 2025 വരെ ക്രസ്റ്റ്യാനോ സൗദിക്കായി കളിക്കേണ്ടി വരും. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.