കോളയും ബിയറും വീണ്ടും; വാർത്താ സമ്മേളനത്തിൽ ചേർത്തുപിടിച്ച് യുക്രെയ്ൻ താരം

യാർമൊലെങ്കോയുടെ പ്രവൃത്തിയോട് യൂറോ പ്രതികരിച്ചിട്ടില്ല

Update: 2021-06-20 04:01 GMT
Editor : abs | By : Sports Desk
Advertising

മ്യൂണിച്ച്: കളിക്കളത്തിലെ ആരവത്തിനൊപ്പം വിവാദങ്ങളുടെ ചൂടുമുണ്ട് ഇത്തവണത്തെ യൂറോകപ്പിന്. മുന്നിലുന്ന കോളക്കുപ്പി മാറ്റിവച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതു തുടങ്ങിവച്ചത്. തൊട്ടുപിന്നാലെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ബിയർ കുപ്പി നീക്കിവച്ച് ഞെട്ടിച്ചു. താരങ്ങൾക്കെതിരെ യുവേഫ രംഗത്തു വന്നതിന് പിന്നാലെ വിവാദങ്ങൾ അവസാനിച്ചു എന്ന് കരുതിയതാണ്. എന്നാലിതാ, കോളയും ബിയറും ചേർത്തുപിടിച്ച് വാർത്തകളിൽ നിറയുകയാണ് യുക്രെയ്ൻ താരം ആൻഡ്രി യാർമൊലെങ്കോ.

നോർത്ത് മാസിഡോണിയക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം. രണ്ട് കുപ്പികളും ചേർത്തുവച്ച് താൻ ഇതിന് എതിരല്ലെന്ന് താരം പറഞ്ഞു. 'എനിക്കെന്തെങ്കിലും ചെയ്യാനാകുമോ? റൊണാൾഡോ ഇതു ചെയ്യുന്നത് കണ്ടു. ഞാൻ കൊക്കകോളയും ഹൈനെകൻ ബീറും ചേർത്തുവയ്ക്കുന്നു. എന്നെ ബന്ധപ്പെടൂ'- എന്നിങ്ങനെ ആയിരുന്നു താരത്തിന്റെ വാക്കുകൾ. 

പിന്നീട് ചിരിച്ചുകൊണ്ട് ബോട്ടിലുകൾ യഥാർത്ഥ സ്ഥലത്തു തന്നെ തിരിച്ചുവയ്ക്കുകയും ചെയ്തു. യാർമൊലെങ്കോയുടെ പ്രവൃത്തിയോട് യൂറോ പ്രതികരിച്ചിട്ടില്ല. യൂറോ കപ്പിലെ പ്രധാന സ്‌പോൺസർമാരാണ് കൊക്ക കോളയും ഹൈനെകെനും.

അതിനിടെ, യാർമൊലെങ്കോയുടെ ഗോളിന്റെ സഹായത്തോടെ രണ്ടിനെതിരെ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയയെ യുക്രെയ്ൻ കീഴടക്കിയത്. ഗ്രൂപ്പ് സിയിൽ രണ്ടു കളികളിൽ നിന്ന് മൂന്നു പോയിന്റുമായി രണ്ടാമതാണ് യുക്രയ്ൻ.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News