വണ്ടര്‍ഗോളുമായി റോണോ; പോളണ്ടിനെ അഞ്ചടിയില്‍ വീഴ്ത്തി പോര്‍ച്ചുഗല്‍

ഇരട്ട ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് ക്രിസ്റ്റ്യാനോ

Update: 2024-11-17 02:47 GMT
Advertising

പോര്‍ട്ടോ: യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പറങ്കിപ്പട പോളണ്ടിനെ കെട്ടുകെട്ടിച്ചത്. റഫേൽ ലിയാവോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് സ്‌കോറർമാർ. ഡൊമിനിക്ക് മാർക്‌സുക്കാണ് പോളണ്ടിനായി വലകുലുക്കിയത്. ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കടന്നു. 

ഗോൾരഹിതമായി അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ ആറ് ഗോളും പിറന്നത്. 59ാം മിനിറ്റിൽ റഫേൽ ലിയാവോയാണ് പോർച്ചുഗലിനായി ഗോൾ സ്‌കോറിങ് ആരംഭിച്ചത്. ഇടതുവിങ്ങിൽ നിന്ന് നൂനോ മെൻഡസ് നീട്ടി നൽകിയ പന്തിനെ ഒരു ഡൈവിങ് ഹെഡ്ഡറിലൂടെ ലിയാവോ വലയിലാക്കി. 72ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിൽ വച്ച് പോളണ്ട് ഹാൻഡ് ബോൾ വഴങ്ങി. റഫറി പെനാൽട്ടി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. മനോഹരമായൊരു പനേങ്ക കിക്കിൽ റോണോ പന്ത് വലയിലെത്തിച്ചു. 79ാം മിനിറ്റിൽ ബ്രൂണോ ബ്രില്ല്യൻസ്. മൈതാന മധ്യത്ത് കൂടി പന്തുമായി കുതിച്ച ബ്രൂണോ ഫെർണാണ്ടസ് പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് തൊടുത്ത ലോങ്‌റേഞ്ചർ ഗോൾവല തുളച്ചു.

82ാം മിനിറ്റിൽ ക്രിസ്റ്റിയാനോ നീട്ടി നൽകിയ പന്തുമായി കുതിച്ച പെഡ്രോ നെറ്റോ ഗോളിയെ കാഴ്ച്ചക്കാരനാക്കി വലകുലുക്കി. 87ാം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും മനോഹര നിമിഷം പിറന്നു. വലതുവിങ്ങിലൂടെ കുതിച്ച വിറ്റിഞ്ഞ നീട്ടിയ ക്രോസിനെ മനോഹരമായൊരു ബൈസിക്കിൾ കിക്കിലൂടെ റോണോ വലയിലെത്തിച്ചു. 88ാം മിനിറ്റിൽ പോളണ്ടിന്റെ ആശ്വാസ ഗോൾ. ഒടുവിൽ ഫൈനൽ വിസിൽ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News