റയലിലേക്ക് മടങ്ങിവരാൻ മോഹിച്ച് റാമോസ്; സമ്മതം നൽകാതെ ക്ലബ്
യൗവനകാലം പിന്നിട്ട സെർജിയോ റാമോസ് വീണ്ടും റയൽ മാഡ്രിഡിലേക്ക് വരുന്നു. പോയ ഏതാനും ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് ഇങ്ങനെ ഒരു ചർച്ചയുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ആരോ പടച്ചുവിട്ട ഒരു കഥ മാത്രമായിരുന്നില്ല അത്. സംഭവങ്ങളുടെ തുടക്കമിങ്ങനെ.
ഒസാസുനക്കെതിരായ മത്സരത്തിൽ എഡർ മിലിറ്റാവോ ഗുരുതര പരിക്കേറ്റ് പുറത്തുപോയതിന് പിന്നാലെ ഫീലിങ് സ്ട്രോങ് എന്ന തലക്കെട്ടിൽ സെർജിയോ റാമോസ് തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവെച്ചു. തൊട്ടുപിന്നാലെ റയൽ മാഡ്രിഡിലേക്ക് തിരികെ വരൂവെന്ന കമന്റുമായി റയൽ ആരാധകർ പോസ്റ്റിന് കൂട്ടം കൂട്ടമായെത്തി.
തീർച്ചയായും തങ്ങളുടെ പ്രതിരോധക്കോട്ട കാക്കാൻ പോന്ന ഒരാളെ റയൽ തേടിക്കൊണ്ടിരിക്കുകയാണ്. കാരണം പോയ ഡിസംബർ മുതൽ ഡേവിഡ് അലാബ പുറത്തിരിക്കുകയാണ്. അധ്വാനിച്ച് പണിയെടുക്കുന്ന ഡാനി കർവഹാലും അർലിയൻ ഷുമേനിയും ഇനിയും ഫിറ്റായിട്ടില്ല. അതിനിടയിലാണ് മിലിറ്റാവോ കൂടി പുറത്തേക്ക് പോകുന്നത്. അന്റോണിയോ റൂഡിഗറെ മാറ്റിനിർത്തിയാൽ പെരുമക്കൊത്ത ഒരു പ്രതിരോധ താരം നിലവിൽ റയലിനില്ല. ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരു യോഗ്യനെ കണ്ടെത്താനുള്ള തിരക്കിലാണ് അവർ.
അതിനിടെ റാമോസിനെ തിരിച്ചുവിളിക്കണമെന്ന് അഭിപ്രായപ്പെട്ട് യിലാണ് റയൽ മുൻതാരം കൂടിയായ ഗ്യൂട്ടി അഭിപ്രായപ്പെട്ടത്. ആ പോസ്റ്റിൽ റാമോസ് ലൈക്ക് ചെയ്യുകയും ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ശക്തികൂടി. റയൽ വിട്ടതിന് ശേഷം പി.എസ്.ജിയിലേക്കും സെവില്ലയിലേക്കും പോയ റാമോസ് ഫുട്ബോളിൽ നിന്നും ഇനിയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഫ്രീ ഏജന്റായി നിൽക്കുന്നതിനാൽ റാമോസിനെ തിരികെയെത്തിക്കുന്നത് എളുപ്പമാണെന്നും വാദമയുർന്നു.
റയലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റാമോസിന്റെ പേരും പരിഗണിച്ചിരിന്നുവെന്ന് അത്‍ലറ്റിക് അടക്കമുള്ള ആധികാരിക ഫുട്ബോൾ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ റാമോസ് സന്നദ്ധത അറിയിച്ചിട്ടും റയൽ പ്രസിഡന്റാ് േഫ്ലാറന്റീനോ പെരസും ക്ലബ് സിഇഒ ജോസ് ഏഞ്ചൽ സാഞ്ചസും ആ സാധ്യതകൾ അടച്ചുവെന്നാണ് മാധ്യമപ്രവർത്തകൻ ഫാബിറിസിയോ റൊമാനോ പുറത്തുവിടുന്ന വിവരം.
ക്ലബിനെ വാനോളം സ്നേഹിച്ചിട്ടും ക്ലബ് അധികാരികൾക്കിടയിൽ റാമോസ് ഒരു കരടാണ്. കാരണം 2021ലെ കോവിഡ് കാലത്ത് റാമോസും ക്ലബും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ സ്പാനിഷ് മാധ്യമങ്ങളെ ചൂട് പിടിപ്പിച്ചിരുന്നു. ശമ്പളം വെട്ടിക്കുറച്ചുള്ള ഒരു വർഷ കരാറാണ് റയൽ റാമോസിന് മുന്നിൽ വെച്ചത്. എന്നാൽ രണ്ടുവർഷത്തെ കരാർ വേണമെന്നതിൽ റാമോസ് ഉറച്ചുനിന്നു. ഇത് പരിഹരിക്കാനായി ഏറെ ചർച്ചകൾ നടന്നുവെങ്കിലും ഒടുവിൽ ക്ലബ് വിടുന്നതായി റാമോസ് നേരിട്ട് മാധ്യമങ്ങള അറിയിച്ചു.
വളരെ വൈകാരികമായ ആ യാത്രയയപ്പിൽ റാമോസ് ക്ലബിനോടുള്ള തന്റെ കൂറും പ്രതിബദ്ധതയും തുറന്നുപറഞ്ഞിരുന്നു. ഒരു വർഷത്തെ കരാറിന് പോലും താൻ തയ്യാറായിരുന്നുവെന്നും എന്നാൽ സമയപരിധി തീർന്നുവെന്നും ചൂണ്ടിക്കാട്ടി ക്ലബ് അത് നിരസിക്കുകയായിരുന്നുവെന്നുമാണ് റാമോസ് പ്രതികരിച്ചത്. താൽക്കാലികമായി മാത്രമേ വിടവാങ്ങുന്നുള്ളൂവെന്നും വൈകാതെ തിരിച്ചുവരുമെന്നും പറഞ്ഞാണ് റാമോസ് അന്ന് മാഡ്രിഡ് വിട്ടത്.
എന്തായാലും 38 കാരനായ റാമോസിന്റെ ബെർണബ്യൂവിലേക്കുള്ള മടങ്ങിവരവ് എളുപ്പമാകില്ല. ബ്രസീലിയൻ ക്ലബായ കൊറിന്ത്യൻസുമായി റാമോസ് ചർച്ചകൾ തുടങ്ങിയതായാണ് വാർത്തകൾ പറയുന്നത്. മെയ് മാസത്തിന് ശേഷം ഫുട്ബോൾ കളിക്കാത്ത റാമോസിനേക്കാൾ റയൽ നോക്കുന്നത് ഭാവി കൂടി മുന്നിൽ കണ്ടുള്ള ഒരു ഡിഫൻഡറെയാണ്.
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബ്രസീലിയൻ താരം മുറില്ലോ, അൽനസറിന്റെ അയ്മറിക് ലാപ്പോർട്ടെ തുടങ്ങിയ പേരുകളിലാണ് റയലിന് താൽപര്യം. കൂടാതെ അടുത്ത സീസണിൽ ബയർ ലെവർക്യൂസന്റെ ജൊനാഥൻ ഥായെ ക്ലബിലെത്തിക്കാനും നീക്കമുണ്ട്.