ഭൂകമ്പം: കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരണപ്പെട്ടതായി സ്ഥിരീകരണം
അറ്റ്സു രക്ഷപെട്ടതായി ആദ്യം അറിയിച്ച ക്ലബ്ബ് പിന്നീടിക്കാര്യം തിരുത്തുകയായിരുന്നു
അങ്കാറ: തുർക്കി ഭൂകമ്പത്തിനിരയായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു അന്തരിച്ചു. തകർന്നടിഞ്ഞ ഫ്ലാറ്റിനുള്ളിൽ രണ്ടാഴ്ചക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മരണം അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. 30കാരനായ അറ്റ്സു തുർക്കി ലീഗിൽ ഹതായ്സു ക്ലബ്ബിന് വേണ്ടിയാണ് കളിച്ചിരുന്നത്.
അറ്റ്സു രക്ഷപെട്ടതായി ആദ്യം അറിയിച്ച ക്ലബ്ബ് പിന്നീടിക്കാര്യം തിരുത്തുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ മുൻനിര ടീമുകളുടെ താരമായിരുന്നു അറ്റ്സു. 2014 ബ്രസീൽ ലോകകപ്പിൽ ഘാനക്കായി എല്ലാ മത്സരങ്ങളിലും അറ്റ്സു കളിച്ചിരുന്നു.
ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂകമ്പത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്മെന്റ് തകർന്നു തരിപ്പണമായിരുന്നു. ഇതിനുപിന്നാലെ അറ്റ്സുവിനെ കാണാതായി. താരത്തെ രക്ഷപ്പെടുത്തിയതായി ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും വൈകാതെ തന്നെ അത് അധികൃതർ നിഷേധിച്ചു. തുടർന്ന് ദിവസങ്ങൾ നീണ്ട തെരിച്ചിലിന് ശേഷമാണ് താരം മരിച്ചതായി സ്ഥിരീകരണം വരുന്നത്.
കഴിഞ്ഞ സീസൺ അവസാനം ആണ് അറ്റ്സു തുർക്കിയിൽ എത്തുന്നത്. അപകടം നടന്നതിന് തൊട്ടു മുമ്പത്തെ ദിവസം അദ്ദേഹം തന്റെ ക്ലബിനായി വിജയ ഗോൾ നേടിയിരുന്നു.
Summary- Christian Atsu found dead after Turkey earthquake - agent