ക്രിസ്റ്റ്യാനോ നസ്‌റിലേക്കു തന്നെ; ജനുവരിയിൽ കരാറിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്

ഏഴു വർഷത്തെ കരാറിൽ രണ്ടു വർഷം മാത്രമായിരിക്കും ക്ലബിനു വേണ്ടി കളിക്കുക

Update: 2022-12-22 15:19 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അന്നസ്‌റിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. ജനുവരിയിൽ ക്ലബുമായി കരാറിൽ ഒപ്പുവയ്ക്കുമെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തു. ഏഴു വർഷത്തേക്കായിരിക്കും കരാറെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടര വർഷം ക്ലബിന്റെ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ കളിക്കും. ഇതിനുശേഷം സൗദി അറേബ്യൻ ഫുട്‌ബോളിന്റെ ബ്രാൻഡ് അംബാസഡറായായിരിക്കും താരത്തിന്റെ സേവനം. നിലവിൽ, ലയണൽ മെസ്സി സൗദിയുടെ ടൂറിസം അംബാസഡറാണ്. എന്നാൽ, 2030 ലോകകപ്പിന്റെ ആതിഥേയാവകാശം സ്വന്തമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സൗദി ക്രിസ്റ്റ്യാനോയെ അവതരിപ്പിക്കുന്നത്.

കരാർ തുകയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, 2024നുശേഷം പ്രതിഫലത്തിൽ പ്രതിവർഷം 200 മില്യൻ യൂറോയുടെ(ഏകദേശം 1,758 കോടി രൂപ) വർധനയുണ്ടാകുമെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു.

ലോകകപ്പിനു തൊട്ടുമുൻപാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായി നടത്തിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു ഇത്. ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിൽ യുനൈറ്റഡിനും കോച്ച് എറിഗ് ടെൻഹാഗിനുമെതിരെ താരം കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.

യുനൈറ്റഡ് വിട്ടതിനു പിന്നാലെ താരം അന്നസറിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, വാർത്തകൾ ക്രിസ്റ്റിയാനോ നിഷേധിച്ചു. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ നേടിയ 6-1 വിജയത്തിനു പിന്നാലെയാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. വാർത്ത ശരിയല്ലെന്നു മാത്രമായിരുന്നു പ്രതികരണം.

യുനൈറ്റഡ് വിട്ട ശേഷം നിരവധി യൂറോപ്യൻ ക്ലബുകളെ ഓഫറുമായി ക്രിസ്റ്റ്യാനോ സമീപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങളെ ബന്ധപ്പെട്ട വിവരം ജർമൻ ക്ലബായ ഈൻട്രാച്ച് ഫ്രങ്കഫർച്ച് പ്രസിഡന്റ് ആക്‌സെൽ ഹെൽമാൻ സ്‌പോർട്‌സ് ടെലിവിഷനായ 'ഡാസനി'നു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മിക്ക ചാംപ്യൻസ് ലീഗ് ക്ലബുകളുടെയും വാതിൽ മുട്ടിനോക്കിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Summary: Cristiano Ronaldo is set to join Saudi Arabia club Al Nassr, as the star will sign a contract with the club in January 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News