പെട്രോള്‍ പമ്പിലെ ക്യൂവില്‍ ഏഴു മണിക്കൂര്‍! ഒടുവില്‍ നിരാശനായി മടക്കം; യുകെയില്‍ ഇപ്പോള്‍ ക്രിസ്റ്റ്യാനോക്കും രക്ഷയില്ല!

പെട്രോളുമായി പുതിയ ടാങ്കറെത്തുമെന്ന വാർത്ത കേട്ടാണ് കാറുകളുമായി ക്രിസ്റ്റ്യാനോയുടെ ഡ്രൈവറും അംഗരക്ഷകനും താരത്തിന്‍റെ വസതിയുടെ അടുത്തുള്ള പമ്പിലെത്തിയത്

Update: 2021-09-30 17:54 GMT
Editor : Shaheer | By : Web Desk
Advertising

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം വാഹനങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു കാർ കൂടി ചേർത്തത് അടുത്തിടെയാണ്. രണ്ടു കോടിയിലേറെ വിലമതിക്കുന്ന ബെന്റ്‌ലി കാറിൽ ദിവസങ്ങൾക്കുമുൻപ് താരം പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോയുടെ കാറിനെക്കുറിച്ചുള്ള പുതിയ വാർത്ത ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ വസതിക്കടുത്തുള്ള ഷെല്ലിന്റെ പെട്രോൾപമ്പിൽ ബെന്റ്‌ലി കാറുമായി ഏഴുമണിക്കൂർ നേരമാണ് ഡ്രൈവർ കാത്തിരുന്നത്. താരത്തിന്റെ റേഞ്ച് റോവറുമായി അംഗരക്ഷകനും തൊട്ടുപിറകിൽ വരിയിലുണ്ടായിരുന്നു. കി.മീറ്ററുകൾ നീണ്ടുപരന്നുകിടന്ന വരിയിൽ മണിക്കൂറുകൾ കാത്തുകെട്ടിക്കിടന്നിട്ടും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു തുള്ളി പെട്രോളും നിറക്കാനാകാതെ രണ്ടു കാറും മടങ്ങി!

പമ്പിൽ പെട്രോളുമായി പുതിയ ടാങ്കറെത്തുമെന്ന വാർത്ത കേട്ടാണ് കാറുകളുമായി ഡ്രൈവറും അംഗരക്ഷകനും എത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ നീണ്ടവരിയുടെ അവസാനത്തിൽ ചേർന്നതാണ്. എന്നാൽ, രാത്രി ഒൻപതു മണി കഴിഞ്ഞിട്ടും ഒരു അനക്കവുമുണ്ടായിരുന്നില്ല. ഒടുവിൽ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചതോടെയാണ് ഇരുവരും മടങ്ങിയത്.

ബ്രിട്ടനിലെ ഇന്ധനക്ഷാമത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് സംഭവം. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർ താരമായിട്ടും ബ്രിട്ടനിലെ ഓരോ പൗരന്മാരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ പ്രതിസന്ധിയുടെ ഇരയാണ് ക്രിസ്റ്റ്യാനോയും. ഇന്ധന പ്രതിസന്ധി നിയന്ത്രണവിധേയമായിവരികയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞത്. പെട്രോൾ പമ്പുകളിൽ ആരോഗ്യരംഗമടക്കമുള്ള സുപ്രധാനമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന നൽകാനുള്ള ആഹ്വാനങ്ങൾ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരുന്നു.

റിഫൈനറികളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉടൻ പഴയപടി വിതരണം നടത്താൻ കഴിയുമെന്നും ഇന്ധനവിതരണക്കാരായ ഷെൽ, ബി.പി, എസ്സോ തുടങ്ങിയവ വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.കെയിലെ പകുതി പമ്പുകളിലും പെട്രോളില്ലെന്നാണ് ദി പെട്രോൾ റീട്ടേലേഴ്സ് അസോസിയേഷൻ അറിയിച്ചത്. ആളുകൾ പരിഭ്രാന്തരായി പെട്രോൾ വാങ്ങിക്കൂട്ടിയതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് അസോസിയേഷൻ പറയുന്നു.

ജനുവരിയിൽ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പിൻവാങ്ങിയതും കോവിഡ് മഹാമാരിയുംമൂലം പല വിദേശ ഡ്രൈവർമാരും രാജ്യംവിട്ടിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഹ്രസ്വവിസ അനുവദിച്ചെങ്കിലും വിവിധ മേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് കണക്ക്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News