യൂറോകപ്പ് : ഗ്രൂപ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന് വേണ്ടി വിജയ ഗോൾ നേടിയത്

Update: 2021-06-23 03:29 GMT
Advertising

ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ് ഡിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ് ജേതാക്കളായാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ ഇടം നേടിയത്. റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന് വേണ്ടി വിജയ ഗോൾ നേടിയത് .

മികച്ച പ്രകടനമാണ് ചെക്ക് റിപ്പബ്ലിക്കിനെതിരെ ഹാരി കെയ്‌നും സംഘവും പുറത്തെടുത്തത്. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ട് പടയിൽ ജാക്ക് ഗ്രീലിഷ്, പുകയോ സാക്ക, ഹാരി മക്വയർ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. പന്ത്രണ്ടാം മിനിറ്റിലാണ് ഇംഗ്ലണ്ടിനായി റഹീം സ്‌റ്റെർലിംഗ്‌ ഗോൾ നേടിയത്. ഈ യൂറോയിൽ സ്റ്റെർലിങിന്റെയും ഇംഗ്ലണ്ടിന്റെയും രണ്ടാം ഗോൾ ആണ് ഇത്. സാക്കയുടെ മികച്ച മുന്നേറ്റം നൽകിയ അവസരത്തിൽ നിന്നു മികച്ച ക്രോസ് നൽകിയ ജാക്ക് ഗ്രീലിഷ് സ്റ്റെർലിങിനു ആയി അവസരം തുറന്നു. ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച സ്റ്റെർലിങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.



 

ഒന്നാം പകുതിയിൽ എണ്ണമറ്റ അവസരങ്ങൾ തുറന്ന് ചെക്കുകൾ തിരിച്ചടിയുടെ സൂചനകൾ നൽകിയെങ്കിലും ഹാരി മഗ്വയർ കോട്ട കാത്ത പ്രതിരോധ മതിൽ കരുത്തോടെ നിലയുറപ്പിച്ചപ്പോൾ എല്ലാം വിഫലമായി. രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടെത്തുന്നതിനായി ചെക്ക് റിപ്പബ്ലിക് ആക്രമണ ഫുട്ബോൾ പുറത്തെടുത്തെങ്കിലും മുന്നേറ്റ നിരയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇംഗ്ലണ്ട് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചതോടെ കളിയുടെ വേഗത കുറഞ്ഞു. പ്രീക്വാർട്ടറിൽ ഗ്രൂപ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇംഗ്ലണ്ട് നേരിടുക. 


 


Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News