'ഞങ്ങളോടിത് വേണ്ടായിരുന്നു'; ടാറ്റ സ്റ്റീൽസിനെതിരെ പ്രതിഷേധവുമായി ജംഷഡ്പൂർ ആരാധകർ
"ക്ലബ്ബ് രൂപീകരിച്ച ശേഷം ആരാധകരുമായി ബന്ധപ്പെടാൻ ഒരിക്കൽ പോലും നിങ്ങൾ ശ്രമിച്ചിട്ടില്ല; ഇപ്പോഴത്തെ ഈ നടപടിയാവട്ടെ, ഞങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്തു"
ഈ സീസണിലെ ഐ.എസ്.എൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്.സിയുടെ ഉടമസ്ഥരായ ടാറ്റ സ്റ്റീൽസിനെതിരെ പ്രതിഷേധവുമായി ക്ലബ്ബിന്റെ ആരാധക കൂട്ടായ്മ 'റെഡ് മൈനേഴ്‌സ്'. സെമിയിൽ തോറ്റതിനു ശേഷം ടീം ആസ്ഥാനമായ ജംഷഡ്പൂരിൽ എത്തിയപ്പോൾ ആരാധകരെ അറിയിച്ചില്ലെന്നും ഷീൽഡ് ജേതാക്കളായ ടീമിനെയും കോച്ചിനെയും നേരിൽക്കണ്ട് അഭിനന്ദനമറിയിക്കാനുള്ള അവസരം നിഷേധിച്ചുവെന്നും ആരോപിച്ച് റെഡ് മൈനേഴ്‌സ്, ക്ലബ്ബ് മാനേജ്‌മെന്റിന് തുറന്ന കത്തയച്ചു.
ചൊവ്വാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന രണ്ടാംപാദ സെമിയിൽ ജയം നേടാൻ കഴിയാതിരുന്ന ജംഷഡ്പൂർ എഫ്.സി ടീം വ്യാഴാഴ്ചയാണ് ജംഷഡ്പൂരിൽ തിരിച്ചെത്തിയത്. ജംഷഡ്പൂർ സിറ്റിയിൽ ആരാധകർക്ക് പ്രവേശം നൽകാതെ നടത്തിയ സ്വകാര്യ ചടങ്ങിൽ ക്ലബ്ബ് ചെയർമാനും ടാറ്റ സ്റ്റീൽസ് കോർപറേറ്റ് സർവീസസ് വൈസ് പ്രസിഡണ്ടുമായ ചാണക്യ ചൗധരി ടീമിന് സ്വീകരണം നൽകി. ഇങ്ങനെയൊരു സ്വീകരണം നൽകിയ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ക്ലബ്ബും ടാറ്റ സ്റ്റീൽസും പുറത്തുവിട്ടത്.
എന്നാൽ, ഒട്ടും സന്തോഷത്തോടെയല്ല ആരാധകർ ഇതിനോട് പ്രതികരിച്ചത്. തുടക്കം മുതൽ ടീമിനൊപ്പം നിൽക്കുന്ന തങ്ങളെ അവഗണിച്ചു കൊണ്ടുള്ള ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ആരാധകരെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരണം. അതിനിടെ, രണ്ട് പേജ് നീണ്ട വൈകാരിക കുറിപ്പുമായി ടീമിന്റെ ആരാധക കൂട്ടായ്മയും രംഗത്തുവന്നു.
'ഓരോ നിമിഷവും ഞങ്ങൾ ടീമിനൊപ്പമുണ്ടായിരുന്നു. ഇത്തവണ ലീഗ് ഷീൽഡ് നേടാൻ ടീമിനു കഴിഞ്ഞു. കഠിനമായ അഞ്ചുവർഷത്തിനു ശേഷം ഞങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞു എന്നറിഞ്ഞപ്പോൾ വികാരം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചില ആരാധകർ സന്തോഷം കാരണം കരയുക പോലും ചെയ്തു. വർഷങ്ങളായി ഓരോ ആരാധകനും കാത്തിരുന്ന നിമിഷമായിരുന്നു ഇത്. ദൗർഭാഗ്യവശാൽ നമുക്ക് ഫൈനലിൽ കടക്കാനും ഡബിൾ നേടാനും കഴിഞ്ഞില്ല. പക്ഷേ, ഷീൽഡ് നേടുക എന്നത് ട്രോഫിയേക്കാൾ വലുതാണ് ഞങ്ങൾക്ക്...'
'ദൗർഭാഗ്യവശാൽ ഓവൻ കോയിലിനും സംഘത്തിനും മാനേജ്‌മെന്റ് രഹസ്യമായി സ്വീകരണം ഒരുക്കിയപ്പോൾ, ഷീൽഡ് കൈമാറ്റച്ചടങ്ങ് ആരെയും അറിയിക്കാതെ നടത്തിയപ്പോൾ, വർഷങ്ങളായി ഈ ദിവസത്തിനു വേണ്ടി കാത്തിരുന്ന ഓരോ വ്യക്തിയെ സംബന്ധിച്ചും ഇത് ഹൃദയഭേദകമായിരുന്നു. ഞങ്ങൾക്ക് ആകെ വേണ്ടിയിരുന്നത് ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളെ സഹായിച്ച മാന്ത്രികനെ നേരിൽ കാണുക എന്നതും അദ്ദേഹത്തിനും ടീമിനും നന്ദി അറിയിക്കുക എന്നതുമായിരുന്നു. ആറ് മാസത്തെ ബയോ ബബിളിനു ശേഷമാണ് അവർ വന്നിരിക്കുന്നത്. തീർച്ചയായും അത്തരമൊരു സ്വീകരണം അവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുമായിരുന്നു...' - റെഡ് മൈനേഴ്‌സിിന്റെ പ്രസ്താവനയിൽ പറയുന്നു.
ക്ലബ്ബ് രൂപീകരിച്ച ശേഷം ഒരിക്കൽപോലും ആരാധകരുമായി ബന്ധപ്പെടാൻ ഒരു ശ്രമവും ക്ലബ്ബ് നടത്തിയിട്ടില്ലെന്നും പുതിയ നടപടി ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.