‘ഇസ്രായേലിന് വിലക്കേർപ്പെടുത്തണം’; വിധിപറയൽ തീയ്യതി ഫിഫ വീണ്ടും നീട്ടി
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഇസ്രായേലിനെ വിലക്കണമെന്ന തീരുമാനത്തിൽ വിധി പറയുന്നത് ഫിഫ വീണ്ടും നീട്ടി. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനാണ് ഇസ്രായലിനെ യുദ്ധക്കുറ്റം ചുമത്തി വിലക്കണമെന്ന് ഫിഫക്ക് മുമ്പാകെ ആവശ്യപ്പെട്ടത്.
പരാതിയും ആരോപണങ്ങളും അച്ചടക്ക കമ്മിറ്റി പരിശോധിക്കുമെന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിൽ ഇസ്രായേൽ ടീമുകൾ കളിക്കുന്നത് പരിശോധിക്കുമെന്നും ഫിഫ കൂട്ടിച്ചേർത്തു. വിഷയത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ സ്വതന്ത്ര നിലപാടുള്ള സമിതിയെ നിയമിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റീനോ പ്രതികരിച്ചത്.
ഈ വർഷം മെയ് മാസത്തിലാണ് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഇസ്രായേലിനെതിരെ പരാതി നൽകിയത്. ഫിഫയുടെ നിയമങ്ങൾ ഇസ്രായേൽ ലംഘിച്ചെന്നും ഫലസ്തീനിൽ നിന്നും കൈയ്യേറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ടീമുകളെ ആഭ്യന്തര ലീഗുകളിൽ കളിപ്പിച്ചെന്നും ഫലസ്തീൻ പരാതിപ്പെട്ടിരുന്നു.
വിഷയത്തിൽ തീരുമാനം പറയുന്നത് ഫിഫ ഇതാദ്യമായല്ല മാറ്റുന്നത്. ജൂലൈയിൽ നിന്നും ഓഗസ്റ്റ് 31ലേക്കും തുടർന്ന് ഒക്ടോബറിലേക്കും മാറ്റിയിരുന്നു. ഓഗസ്റ്റിലെ റിപ്പോർട്ടുകൾ പ്രകാരം കായിക രംഗവുമായി ബദ്ധപ്പെട്ട 410 അത്ലറ്റുകളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിലൽ 297 പേർ ഫുട്ബോൾ താരങ്ങളാണ്.
യുക്രൈയ്നിലെ റഷ്യൻ ഇടപെടലുകൾ ചൂണ്ടിക്കാണിച്ച് ഫിഫയും യുവേഫയും റഷ്യക്ക് വിലക്ക് കൽപ്പിച്ചിരുന്നു. ഇതിനേക്കാൾ രൂഷമായ യുദ്ധക്കുറ്റങ്ങൾ അനുവർത്തിച്ചിട്ടും ഇസ്രായേലിനെതിരെ നടപടിയെടുക്കാത്തതിനാൽ വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു.