പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാമത്; യൂറോപ്പിൽ കരുത്തോടെ ലിവർപൂൾ

2019-20 സീസണിന് ശേഷം നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ചെമ്പട

Update: 2024-11-10 12:22 GMT
Editor : Sharafudheen TK | By : Sports Desk
First in the Premier League and Champions League; Liverpool with strength
AddThis Website Tools
Advertising

 പ്രീമിയർലീഗ് പോരാട്ടം മൂന്ന് മാസത്തോടടുക്കുമ്പോൾ ചില സൂചനകൾ വന്നു കഴിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയേയും കഴിഞ്ഞ സീസണിൽ ടൈറ്റിൽ റേസിൽ അവസാനനിമിഷം വരെ പോരാടിയ ആർസനലിനേയും മറികടന്ന് ലിവർപൂളിന്റെ തേരോട്ടം. 11 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അഞ്ച് പോയന്റിന്റെ വ്യക്തമായ മേധാവിത്വവുമായാണ് ചെമ്പട പോയന്റ് ടേബിളിൽ തലപ്പത്ത് തുടരുന്നത്. 




ഫുട്‌ബോളിലെ ആധികാരിക ഡാറ്റ അധിഷ്ഠിത വെബ്‌സൈറ്റായ ഒപ്റ്റ അനലിസ്റ്റിന്റെ സൂപ്പർ കമ്പ്യൂട്ടർ പ്രവചന പ്രകാരം നിലവിൽ 59.3 ശതമാനമാണ് ലിവർപൂളിന്റെ കിരീട സാധ്യത. ഓഗസ്റ്റ് 15ന് വെറും 5.1 ശതമാനം കൽപിച്ചിടത്തുനിന്നാണ് ഈ വൻ കുതിപ്പ്. പുതിയ സീസൺ ആരംഭത്തിൽ 82.2 ശതമാനം കിരീട പ്രതീക്ഷയുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടേത് തുടർ തോൽവിയോടെ 36.2 ശതമാനമായി ഇടിയുകയും ചെയ്തു. എന്നാൽ ലീഗ് പകുതി പോലുമായിട്ടില്ല. സിറ്റിക്കും ആർസനലിനും തിരിച്ചുവരാൻ സമയമേറെയുണ്ട്. പ്രീമിയർലീഗിൽ ആദ്യം കുതിക്കുകയും ക്ലൈമാക്‌സിലേക്കടുക്കുമ്പോൾ കിതക്കുകയും ചെയ്യുന്ന ലിവർപൂളിനെ സമീപകാലത്ത് നിരവധി തവണ ആരാധകർ കണ്ടതുമാണ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല കാര്യങ്ങൾ എന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. കിരീടം ആൻഫീൽഡിലെത്തുകതന്നെ ചെയ്യും. ഇത് അടിവരയിടാൻ ലിവർപൂളിന് മുന്നിൽ കാരണങ്ങളുമുണ്ട്


മാഞ്ചസ്റ്റർ സിറ്റിയുടെ മേധാവിത്വം അവസാനിപ്പിച്ച് 2019-20 സീസണിൽ കിരീടം നേടിയ ചരിത്രമുണ്ട് ലിവർപൂളിന്. അന്ന് യുർഗൻ ക്ലോപിന്റെ കളിക്കൂട്ടം മൂന്ന് പതിറ്റാണ്ടിന്റെ പ്രീമിയർ ലീഗ് വരൾച്ചക്കാണ് വിരാമമിട്ടത്. ക്ലബിനെ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിച്ച ശേഷം ക്ലോപ് ആൻഫീൽഡിന്റെ പടിയിറങ്ങി. പകരമെത്തിയത് ഡച്ച് പരിശീലകൻ ആർനെ സ്ലോട്ട്. യുർഗൻ ക്ലോപ് നിർത്തിയിടത്ത് നിന്ന് ആരംഭിച്ച സ്ലോട്ട് ടീമിനെ തുടർ വിജയങ്ങളിലേക്ക് നയിച്ചു. പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം ആധികാരിക പ്രകടനം. കാർലോ അൻസലോട്ടിയുടെ റയൽമാഡ്രിഡും പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗിൽ തപ്പിത്തടയുമ്പോഴാണ് ഓരോ മാച്ച് കഴിയുമ്പോഴും കൂടുതൽ കരുത്തോടെ ചെമ്പട കുതിപ്പ് തുടരുന്നത്. ഇതുവരെ കളിച്ച നാലിൽ നാലും ജയിച്ച ആർനെ സ്ലോട്ടിന്റെ സംഘം യു.സി.എല്ലിൽ നിലവിൽ പോയന്റ് ടേബിളിൽ ഒന്നാമതാണ്.



 മുഹമ്മദ് സലാഹ്, വിർജിൻ വാൻ ഡെക്, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ്... ദീർഘകാലമായി ലിവർപൂൾ നിരയിലെ ശക്തിദുർഗമാണ് ഈ ത്രയം. എന്നാൽ ഈ സീനിയർ താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും. ഇതിൽ ആരെയെല്ലാം ക്ലബ് നിലനിർത്തുമെന്നതിൽ ഇതുവരെ മാനേജ്‌മെന്റ് വ്യക്തവരുത്തിയിട്ടില്ല. ട്രാൻസ്ഫർ ചർച്ചകൾ സജീവുമാകുമ്പോഴും 32 കാരൻ സലാഹ് പതിവുപോലെ ഈ സീസണിലും മിന്നും ഫോമിലാണ്. ഇന്നലെ ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിലെ ആ ഗോൾ താരത്തിന്റെ എല്ലാ പ്രതിഭയും അടയാളപ്പെടുത്തുന്നതായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി വില്ല ബോക്‌സിലേക്ക് അതിവേഗകുതിപ്പ് നടത്തിയ ഈജിപ്യൻ ഫോർവേഡിനെ ഓടിപിടിക്കാൻ എതിർ പ്രതിരോധ താരങ്ങൾക്കായില്ല. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് ക്ലിനിക്കൽ ഫിനിഷ്.



തൊട്ടുമുൻപത്തെ മാച്ചിൽ ബ്രൈട്ടനെതിരെ വിജയമുറപ്പിച്ച നിർണായക ഗോളും ആ ബൂട്ടിൽ നിന്നായിരുന്നു. നിലവിൽ ഇതുവരെ എട്ട് ഗോളുകൾ അടിച്ചുകൂട്ടിയ സലാഹ് പ്രീമിയർലീഗ് ഗോൾവേട്ടക്കാരിൽ രണ്ടാംസ്ഥാനത്ത് തുടരുന്നു. അന്നും ഇന്നും മിനിമം ഗ്യാരണ്ടിയുള്ള താരമാണെന്ന് വ്യക്തമാക്കുന്ന പ്രകടനം. ലിവർപൂളിനൊപ്പം അവസാന സീസണായിരിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും താരമോ ക്ലബോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിരോധത്തിൽ ക്യാപ്റ്റൻ വിർജിൽ വാൻഡെകും അലക്‌സാണ്ടർ അർണോൾഡും തങ്ങളുടെ റോൾ ഭംഗിയായി നിർവഹിച്ചുവരുന്നു. കിരീടവുമായി ആൻഫീൽഡിന്റെ പടിയിറങ്ങുന്നതിലും മികച്ചൊരു യാത്രയയപ്പ് മൂന്ന് പേർക്കും ലഭിക്കാനില്ല.



 യുർഗൻ ക്ലോപ്പിൽ നിന്ന് ആർസെ സ്ലോട്ട് യുഗത്തിലെത്തിയ ലിവർപൂൾ കളിയിലും കണക്കിലും കരുത്തരാണ്. ഈ സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലുമായി 15 മത്സരങ്ങൾ കളിച്ച ക്ലബിന് 13ലും വിജയം നേടാനായി. 2019-20 സീസണിൽ ക്ലബ് പ്രീമിയൽലീഗ് ടൈറ്റിൽ അടിച്ചതിന് സമാനമായ സാഹചര്യത്തിലാണ് ഇപ്പോൾ ടീം നിൽക്കുന്നത്. അന്ന് 11 മാച്ചിൽ 10 ജയം നേടിയിരുന്ന ലിവർപൂൾ 25 ഗോളാണ് അടിച്ചുകൂട്ടയത്. നിലവിൽ ഇത്രതന്നെ കളിയിൽ 9 ജയം. ഓരോ സമനിലയും തോൽവിയും. നേടിയത് 21 ഗോളുകൾ. ആൻഫീൽഡ് മറ്റൊരു കിരീടം സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. ക്ലോപിന് ശേഷം പ്രീമിയർ ലീഗിൽ ചെമ്പട്ട് പുതക്കുന്ന മറ്റൊരു മനോഹരരാവ് ആൻഫീൽഡ് വീണ്ടും സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു .

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News