ലെവൻഡോവ്‌സ്‌കിയുടെ ഗോൾ നിഷേധിച്ചതായി ആരോപണം; ബാഴ്‌സ-സോസിഡാഡ് മത്സരത്തിൽ 'വാർ' വിവാദം
ഹാൻസി ഫ്‌ളിക്ക് പരിശീലന സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് ബാഴ്‌സ ഒരു ഗോൾപോലും നേടാതെ കളി അവസാനിപ്പിച്ചത്
മാഡ്രിഡ്: ബാഴ്‌സലോണ-റയൽ സോസിഡാഡ് ലാലീഗ മത്സരത്തിൽ റഫറിയിങിൽ പിഴവ് സംഭവിച്ചതായി ആരോപണം. ബാഴ്‌സ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോൾ വാർ നിഷേധിച്ചതാണ് വിവാദമായത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ തോൽവി വഴങ്ങിയിരുന്നു. 33ാം മിനിറ്റിൽ ഷെറാൾഡോ ബെക്കറാണ് സോസിഡാഡിനായി വലകുലുക്കിയത്. ഹാൻസി ഫ്‌ളിക് പരിശീലന സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് കറ്റാലൻ ക്ലബ് ഒരു ഗോൾ പോലും നേടാതെ തലതാഴ്ത്തി മടങ്ങുന്നത്. കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനും ബാഴ്‌സ മുന്നേറ്റ താരങ്ങൾക്കായില്ല.
Lewandowski's shoes according to VAR😭😭 pic.twitter.com/QkH5gwISQE
— Troll Football (parody) (@Troll_Futballl) November 10, 2024
15ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കി നേടിയ ഗോളാണ് വാറിൽ കുരുങ്ങി ഓഫ് സൈഡായത്. ഫ്രാങ്കി ഡിയോങ് ബോക്‌സിലേക്ക് നൽകിയ പന്ത് സ്വീകരിക്കുമ്പോൾ പോളിഷ് സ്‌ട്രൈക്കറുടെ ബൂട്ടിന്റെ മുൻഭാഗം നേരിയ വ്യത്യാസത്തിൽ ഓഫ് സൈഡ് പൊസിഷനിലാണെന്നാണ് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ വ്യക്തമായത്. എന്നാൽ റയൽസോസിഡാഡ് പ്രതിരോധ താരം നയെഫ് അഗ്വാർഡിന്റെ പിറകിലാണ് ലെവൻഡോവ്‌സ്‌കിയെന്ന് വീഡിയോ റീപ്ലെയിൽ വ്യക്തമായിരുന്നു. പുതുതായി ആരംഭിച്ച സെമി-ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് സിസ്റ്റം റയൽ താരത്തിന്റെ കാല് ബാഴ്‌സ താരത്തിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്ന വാദമാണ് ആരാധകർ ഉയർത്തുന്നത്. വാർ പരിശോധിക്കുമ്പോൾ ഇരുതാരങ്ങളുടെയും ബൂട്ട് ഒരേ പൊസിഷനിലാണെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ന്യായീകരിച്ച് രംഗത്തെത്തി. എന്നാൽ ആദ്യ പകുതിയിലെ ഈ ഓഫ് സൈഡ് വിവാദഗോളിന് ശേഷം സമനില കണ്ടെത്താൻ ബാഴ്‌സക്ക് മുന്നിൽ സമയമേറെയുണ്ടായിരുന്നതായി മറുവാദവും ഉയരുന്നുണ്ട്. തോറ്റെങ്കിലും ലീഗിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു. റയലാണ് രണ്ടാംസ്ഥാനത്ത്.