ക്രിസ്റ്റ്യാനോയുടെ ഗോൾ റഫറിയുടെ സമ്മാനം; രൂക്ഷവിമർശനവുമായി ഘാന പരിശീലകൻ
മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്
ദോഹ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ഘാന പരിശീലകൻ ഒട്ടോ അഡ്ഡോ. റൊണാൾഡോക്ക് കിട്ടിയ പെനാൽറ്റി റഫറിയുടെ പ്രത്യേക സമ്മാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഗോളടിച്ചാൽ അയാളെ അഭിനന്ദിക്കണം. പക്ഷേ ഇത് സമ്മാനമാണ്. ഇതിൽ കൂടുതൽ ആ ഗോളിനെ കുറിച്ച് എന്ത് പറയാനാണ്. ഘാന ഡിഫൻഡർ മുഹമ്മദ് സാലിസു റൊണാൾഡോയെ ഫൗൾ ചെയ്തിട്ടില്ല. എന്നാൽ, പെനാൽറ്റി അനുവദിക്കുന്നതിന് മുമ്പ് വാർ സംവിധാനം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പിഴവുകളില്ലാതെ പെനാൽറ്റി വലയിലെത്തിച്ച റൊണാൾഡോ പോർച്ചുഗല്ലിനെ മുന്നിലെത്തിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണിയും രംഗത്തെത്തിയിരുന്നു. അത് പെനാൽറ്റി ആയിരുന്നില്ലെന്നാണ് തന്റെ നിലപാട്. എന്നാൽ പെനാൽറ്റി നേടിയെടുക്കാൻ റൊണാൾഡോ കളിക്കളത്തിലെ തന്റെ പരിചയമെല്ലാം വിനിയോഗിച്ചുവെന്ന് റൂണി പറഞ്ഞു.
അത് പെനാൽറ്റി ലഭിക്കാൻ മാത്രമുള്ള ടാക്കിൾ ആയി തോന്നുന്നില്ലെന്ന് പോർച്ചുഗൽ ഇതിഹാസ താരം ലൂയി ഫിഗോയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഗോൾ നേട്ടത്തോടെ അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.