ഗോകുലം കേരളത്തിന് സീസണിലെ ആദ്യ തോൽവി; ഐ ലീഗ് കിരീടത്തിനായി കാത്തിരിക്കണം
ഇനി ശനിയാഴ്ച മുഹമ്മദൻസ് എസ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. അന്നത്തെ ഫലം ആര് കിരീടം നേടുമെന്നതിൽ നിർണായകമാകും
കൊൽക്കത്ത: ഐ ലീഗ് കിരീടത്തിൽ മുത്തമിടാൻ ഒരു പോയിൻറിന്റെ ദൂരം മാത്രമുണ്ടായിരിക്കേ ഗോകുലം കേരളക്ക്(GKFC) സീസണിലെ ആദ്യ തോൽവി. ഇന്ന് രാത്രി നടന്ന മത്സരത്തിൽ ശ്രീനിഥി ഡെക്കാനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടീം തോറ്റത്. വെസ്റ്റ് ബംഗാളിലെ നൈഹാട്ടി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കിരീടം മോഹിച്ചിറങ്ങിയ ഗോകുലത്തിന് മുന്നിൽ ശക്തമായ നീക്കങ്ങളുമായി ശ്രീനിഥി തുടക്കം മുതൽ തന്നെ ഗോകുലത്തിന്റെ ഗോൾ മുഖം അക്രമിച്ച് കൊണ്ടിരുന്നു. ഒടുവിൽ 19ാം മിനുട്ടിൽ ലാൽറൊംമാവിയയിലൂടെ ശ്രീനിഥിയുടെ ആദ്യ ഗോൾ വന്നു. ആദ്യ ഗോൾ വഴങ്ങിയതോടെ ഗോകുലം പതറി. എങ്കിലും സമനില ഗോളിനായി പൊരുതുന്നതിനിടെ ശ്രീനിഥിയുടെ രണ്ടാം ഗോളും വീണു. ലാൽറോംമാവിയ തന്നെയായിരുന്നു ശ്രീനിഥിയുടെ രണ്ടാം ഗോളും നേടിയത്. രണ്ട് ഗോൾ വീണതോടെ ഗോകുലത്തിന്റെ നിയന്ത്രണം നഷ്ടമായി. അധികം വൈകാതെ ശ്രീനിഥിയുടെ മൂന്നാം ഗോളും പിറന്നു. 37ാം മിനുട്ടിൽ ലാൽറോംമാവിയയുടെ ഹാട്രിക് പിറന്നു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഗോകുലം മൂന്ന് ഗോളിന് പിറകിലായി.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനിറങ്ങിയ ഗോകുലം 47ാം മിനുട്ടിൽ ഒരു ഗോൾ മടക്കി തിരിച്ചുവരവിന്റെ സൂചന നൽകി. ക്യാപ്റ്റൻ ശരീഫ് മുഹമ്മദായിരുന്നു ഗോൾ നേടിയത്. എന്നാൽ 54ാം മിനുട്ടിൽ ശരീഫിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗോകുലത്തിന്റെ തിരിച്ചുവരവ് സാധ്യതങ്ങൾ മങ്ങി. എങ്കിലും കൂടുതൽ ഗോൾ വഴങ്ങാതിരിക്കാനും അവസരം കിട്ടിയപ്പോൾ കൗണ്ടർ അറ്റാക്ക് നടത്താനും ഗോകുലം കേരള മറന്നില്ല. തോറ്റെങ്കിലും ഗോകുലം തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14ന് രാത്രി ഏഴുമണിക്കാണ് മുഹമ്മദൻസും ഗോകുലം കേരളയും തമ്മിലുള്ള നിർണായക പോരാട്ടം.
21 മത്സരങ്ങളിൽ പരാജയമറിയാതെ എത്തിയ ഗോകുലത്തിന് 17 മത്സരങ്ങളിൽ നിന്നായി 40 പോയൻറാണുള്ളത്. ഇന്ന് നേരത്തെ നടന്ന മറ്റൊരു മത്സരത്തിൽ മുഹമ്മദൻ രാജസ്ഥാൻ എഫ്.സിയെ വീഴ്ത്തി 37 പോയൻറ് നേടിയിരിക്കുകയാണ്.
Gokulam Kerala fc lost to Sreenithi Deccan by three goals to one.