വെയ്ല്‍സിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി; വെയ്ല്‍സും പ്രീ-ക്വാര്‍ട്ടറില്‍
ഗോൾ ശരാശരിയിൽ സ്വിറ്റ്സർലൻഡിനെ മറികടന്നാണ് വെയ്ൽസിന്റെ പ്രീ-ക്വാർട്ടർ പ്രവേശനം.
അട്ടിമറികളൊന്നും നടന്നില്ല യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ വെയ്ൽസിനെ പരാജയപ്പെടുത്തി ഇറ്റലി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അസൂറികളുടെ ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇറ്റലി പ്രീ-ക്വാർട്ടറിൽ കടന്നു. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി വെയ്ൽസും നോക്കൗട്ടിലെത്തി. ഗോൾ ശരാശരിയിൽ സ്വിറ്റ്സർലൻഡിനെ മറികടന്നാണ് വെയ്ൽസിന്റെ പ്രീ-ക്വാർട്ടർ പ്രവേശനം.
39-ാം മിനിറ്റിൽ മറ്റിയോ പെസ്സിനയാണ് ഇറ്റലിയുടെ വിജയ ഗോൾ നേടിയത്. മാർക്കോ വെരാറ്റിയെടുത്ത ലോ ഫ്രീകിക്ക് പെസ്സിന വലയിലെത്തിക്കുകയായിരുന്നു. തുടർച്ചയായ 30-ാം മത്സരമാണ് ഇറ്റലി പരാജയമറിയാതെ പിന്നിട്ടത്. കഴിഞ്ഞ 11 മത്സരങ്ങളിൽ അവർ ഗോൾ വഴങ്ങിയിട്ടുമില്ല. എട്ടു മാറ്റങ്ങളോടെയാണ് ഇറ്റലി ഇന്ന് കളത്തിലിറങ്ങിയത്. പരിക്ക് മൂലം പുറത്തായിരുന്ന മാർക്കോ വെരാറ്റി ടീമിലെത്തി. മത്സരത്തിലുടനീളം ഇറ്റലി മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.
55-ാം മിനിറ്റിൽ ബെർണാർഡെഷിക്കെതിരായ ഫൗളിൽ ഏഥൻ ആംപഡുവിന് ചുവപ്പു കാർഡ് ലഭിച്ചതോടെ 10 പേരുമായാണ് വെയ്ൽസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാനും വെയ്ൽസിനായില്ല.