'മെസി പിഎസ്ജിയില്‍ എത്തുമെന്ന് ആരെങ്കിലും കരുതിയോ?; ക്ലബ് വിടുമെന്ന സൂചന നല്‍കി എംബാപെ
നെയ്മറുമായി ഒരു പ്രശ്‌നവും ഇല്ലെന്നും എംബാപെ പറഞ്ഞു
ഈ സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കി കെലിയന്‍ എംബാപെ. ക്ലബ് വിടുമോയെന്ന ചോദ്യത്തിന് 'ഫുട്‌ബോളില്‍ ഇന്നലത്തെ സത്യമല്ല ഇന്നത്തേത്. അതല്ല നാളത്തേത്. മുമ്പ് ലയണല്‍ മെസി പിഎസ്ജിയില്‍ കളിക്കും എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചിരുന്നോ?' എന്നായിരുന്നു എംബാപെയുടെ മറുപടി. നെയ്മറുമായി ഒരു പ്രശ്‌നവും ഇല്ലെന്നും ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പന്ത് തനിക്കു പാസ് ചെയ്യാതിരുന്ന നെയ്മറിനെ പറ്റി പറഞ്ഞത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്നും എംബാപെ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ തന്നെ പിഎസ്ജി വിടാനുള്ള താല്‍പര്യം താന്‍ ക്ലബ്ബ് നേതൃത്വത്തെ അറിയിച്ചിരുന്നതായി കിലിയന്‍ എംബാപെ പറഞ്ഞിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ വഴി പണം നേടാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി. എംബാപെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് നിരവധി ഓഫറുകളാണ് പിഎസ്ജിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രഞ്ച് ക്ലബ്ബ് നിരസിക്കുകയായിരുന്നു. ഇതോടെ അടുത്ത ജൂണില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപെ ഈ സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടും.
''കരാര്‍ നീട്ടുന്നില്ലെന്ന് തീരുമാനമെടുത്തതിനു പിന്നാലെ തന്നെ ക്ലബ്ബ് വിടണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. നിലവാരമുള്ള ഒരു പകരക്കാരനെ കണ്ടെത്തുന്നതിന് ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ ഫീ ഉപയോഗപ്പെടുമെന്ന് കരുതി. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയ ക്ലബ്ബാണിത്. ഇവിടെ ചെലവഴിച്ച നാലു വര്‍വും ഞാന്‍ സന്തോഷവാനായിരുന്നു.'' - ആര്‍.എം.സി സ്‌പോര്‍ട് എന്ന മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.