പ്രളയം:റയൽ മാഡ്രിഡ്- വലൻസ്യ മത്സരം മാറ്റിവെച്ചു
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ശനിയാഴ്ച നടക്കാനിരുന്ന റയൽ മാഡ്രിഡ്-വലൻസ്യ മത്സരം മാറ്റി വെച്ചു. വലൻസ്യ മേഖലയിൽ ശക്തമായ പ്രളയം തുടരുന്നതിനാലാണ് മത്സരം മാറ്റിവെച്ചതെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
സ്പെയിനിന്റെ കിഴക്ക് ഭാഗത്ത് രൂക്ഷമായ പ്രളയക്കെടുതികൾ തുടരുകയാണ്. 158 ഓളം പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. റയോ വല്ലേക്കാനോ- വില്ലാറയൽ മത്സരവും ഇതേത്തുടർന്ന് മാറ്റിവെച്ചിരുന്നു.
കോപ്പ ഡെൽറേയിൽ നടക്കാനിരുന്ന വലൻസ്യയുടെ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരങ്ങൾക്ക് മുന്നോടിയായി പ്രളയത്തിൽ മരണപ്പെട്ടവർക്ക് ആദരമർപ്പിക്കും.ദാന ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴ സ്പെയിനിന്റെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിട്ടുള്ളത്.
ലാലിഗയിൽ 11 മത്സരങ്ങൾ പൂർതതിയായപ്പോൾ 30 പോയന്റുള്ള ബാഴ്സലോണ ഒന്നാമതും 24 പോയന്റുള്ള റയൽ രണ്ടാമതുമാണ്. ഏഴ് പോയന്റ് മാത്രമുള്ള വലൻസ്യ അവസാന സ്ഥാനത്താണ്.