പ്രീമിയർ ലീഗിൽ സിറ്റിക്ക് ബോൺമൗത്ത് ഷോക്ക്; ബ്രൈട്ടനെ വീഴ്ത്തി ലിവർപൂൾ മുന്നോട്ട്
സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ തോൽവിയാണിത്.
ലണ്ടൻ: പ്രീമിയർലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നീലപടയെ വീഴ്ത്തിയത്. ആന്റോയിൻ സെമന്യോ(9), എവനിൽസെൻ(64) എന്നിവരാണ് ഗോൾ സ്‌കോറർമാർ. സിറ്റിക്കായി ജോസ്‌കോ ഗ്വാർഡിയോൾ(82) ആശ്വാസ ഗോൾ നേടി.
കളിയിൽ പെപ് ഗ്വാർഡിയോളയുടെ സംഘം ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ബോൺമൗത്ത് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ബ്രൈട്ടനെ 2-1 വീഴ്ത്തി ലിവർപൂൾ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ചെമ്പട രണ്ട് ഗോൾതിരിച്ചടിച്ചത്.
14ാം മിനിറ്റിൽ ഫെർഡി കൊഡിഗ്ലുവിന്റെ ഗോളിൽ ബ്രൈട്ടൻ ആൻഫീൽഡിനെ ഞെട്ടിച്ച് ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ പോരാട്ടവീര്യം പുറത്തെടുത്ത ചെമ്പട കോഡി ഗാപ്‌കോയിലൂടെ 69ാം മിനിറ്റിൽ സമനിലപിടിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിലൂടെ വിജയഗോളും നേടി. കോർട്ടിസ് ജോൺസിന്റെ പാസുമായി ബോക്‌സിലേക്ക് മുന്നേറിയ സലാഹ് മികച്ചൊരു ഷോട്ടിലൂടെ വലയുടെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റും എവർട്ടനെ 1-0 സതാംപ്ടണും തോൽപിച്ചു. ഇസ്പിച് ടൗൺ ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ കലാശിച്ചു.