തുർക്കി റെഡ് സോണിൽ; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറ്റിയേക്കും
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുംചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി മാറ്റിയേക്കും. തുർക്കിയിലെ ഇസ്‌തൻബുളിൽ വെച്ച് നടക്കേണ്ട ഫൈനൽ വേദിയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തുർക്കിയെ ബ്രിട്ടൺ ഇപ്പോൾ റെഡ് സോണിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടണിൽ നിന്നുള്ളവർക്ക് തുർക്കിയിലേക്ക് യാത്ര ചെയ്യാൻ ഗവൺമെന്റ് അനുമതിയില്ല.
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്. പതിനായിരത്തോളം ആരാധകർക്ക് മത്സരം കാണാൻ അവസരം ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഇംഗ്ലണ്ടിൽ നിന്ന് ആർക്കും തുർക്കിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.
കളിക്കാൻ വേണ്ടി യാത്ര ചെയ്യുന്ന താരങ്ങൾക്ക് ആകട്ടെ തിരികെ വന്നാൽ ക്വാറന്റൈനിൽ കഴിയേണ്ടതായും വരും. ഈ കാരണങ്ങൾ ഒക്കെ പരിഗണിച്ചുകൊണ്ടാണ് ഫൈനൽ വേദി തുർക്കിയിൽ നിന്ന് മാറ്റാൻ അധികൃതർ ലക്ഷ്യം വെക്കുന്നത്.
ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്നും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. പക്ഷേ തുർക്കി ഇക്കാര്യത്തിൽ ഇതുവരെ സമ്മതം നൽകിയിട്ടില്ല. യുവേഫ ആകും ഇകാര്യത്തിൽ അവസാന തീരുമാനം എടുക്കുക. മെയ് 29നാണ് മുൻപ് നിശ്ചയിച്ചത് പ്രകാരം ഫൈനൽ നടക്കേണ്ടത്.