സാമ്പത്തിക അച്ചടക്കം; അലക്സ് ഫെർഗൂസണെയും ‘വെട്ടി’ യുനൈറ്റഡ്
കുറച്ചു കാലമായി ഓൾഡ് ട്രാഫോഡൽ നിന്നും നമ്മൾ വളരെ അപൂർവമായി മാത്രമേ നല്ല വാർത്തകൾ കേൾക്കാറുള്ളൂ. തുടർതോൽവികളും ടെൻഹാഗിന്റെ പരാക്രമങ്ങളും മുൻ താരങ്ങളുടെ വിമർശനവുമല്ലാതെ മറ്റൊന്നും നമ്മൾ കേട്ടിട്ടില്ല. ഓരോ വിമർശനങ്ങൾ ഉയരുന്ന നേരവും യുനൈറ്റഡ് ആരാധകർ തങ്ങളുടെ പോയകാലത്തെ ഓർമകളിലേക്ക് തിരിച്ചുനടക്കും. അപ്പോൾ അവരുടെ മനസ്സിലേക്ക് അലക്സ് ഫെർഗൂസണും ചെങ്കുപ്പായക്കാരും തീർത്ത നല്ല കാലങ്ങൾ ഓടിയെത്തും. ഓൾഡ് ട്രോഫോഡിൽ ഇടവേളകളില്ലാതെ അലയടിച്ചിരുന്ന ഗ്ലോറി ഗ്ലോറി മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന വരികൾ ആ കാതുകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കും.
പ്രിയപ്പെട്ട ക്ലബ് തങ്ങളുടെ മനോഹരമായ ഓർമകൾ പോലും ഇല്ലാതാക്കുകയാണോ എന്നാണ് ഇപ്പോൾ ഓരോ യുനൈറ്റഡ് ആരാധകനും ചോദിക്കുന്നത്. കാരണം യുനൈറ്റഡിനെ യുനൈറ്റഡാക്കിയ സർ അലക്സ് ഫെർഗൂസണെ ഗ്ലോബൽ അംബാസഡർ എന്ന സ്ഥാനത്ത് നിന്നും മാറ്റിനിർത്തുന്നു എന്ന വാർത്തയാണ് പോയ ദിവസം പുറത്തുവന്നിരുന്നു. 2013ൽ കാൽ നൂറ്റാണ്ട് കാലത്തെ ഇതിഹാസ കോച്ചിങ് കരിയറിന് ശേഷം ഓൾഡ് ട്രോഫോഡിൽ നിന്നും മടങ്ങുമ്പോൾ ക്ലബ് ഫെർഗൂസണ് മുന്നിൽ വെച്ചുനീട്ടിയ ഒരു ആനുകൂല്യമായിരുന്നു ഗ്ലോബൽ അംബാസഡർ പദവി. ഇതിനുള്ള പ്രതിഫലമായി പ്രതിവർഷം 20 കോടിയിലേറെ രൂപയും ഫെർഗൂസണായി നൽകിയിരുന്നു.
കരാർ അവസാനിച്ചെങ്കിലും എന്താണ്? ഫെർഗൂസണ് ഓൾഡ് ട്രോഫിലേക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നാണ് ക്ലബ് വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ അലക്സ് ഫെർഗൂസണെ താരങ്ങളുടെ ഡ്രസിങ് റൂമിൽ കയറുന്നതിന് വിലക്കേർപ്പെടുത്തി എന്ന വാർത്ത ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലബിന്റെ ഭാഗമായവർ ഡ്രെസിങ് റൂം സന്ദർശിക്കുന്നത് യുനൈറ്റഡ് കൾച്ചറിന്റെ കൂടെ ഭാഗമായിരുന്നു. ഫെർഗൂസന്റെ കാലത്ത് മുൻ ഇതിഹാസം ബോബി ചാൾട്ടൺ അടക്കമുള്ളവർ സ്രെഡിങ് റൂമിലെത്താറുണ്ടായിരുന്നു. മൈൻഡ് ഗെയിമുകളുടെ ആശാനായ അലക്സ് ഫെർഗൂസൺ ഡ്രെസിങ് റൂമിലെത്തുമെന്നതും താരങ്ങളുമായി സംവദിക്കുന്നതും ഗുണകരമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
റോയ് കീൻ അദ്ദേഹത്തിന്റെ ആത്മകഥയായ ദി സെക്കൻഡ് ഹാഫില പറയുന്ന ഒരു രംഗമുണ്ട്. ഫെർഗൂസന്റെ കാലത്ത് ഓൾഡ് ട്രാഫോഡിലേക്ക് ടോട്ടനം കളിക്കാൻ വരികയാണ്. മത്സരത്തിന് മുന്നോടിയായുള്ള ടീം ടാൽക്കിനായി താരങ്ങൾ കാത്തിരിക്കുകയാണ്. അവർക്കിടയിലേക്ക് ഫെർഗൂസൺ നടന്നടുക്കുന്നു. താരങ്ങളോടായി ഫെർഗൂസൺ പറഞ്ഞത് ഒരു ചെറിയ വാചകം മാത്രം. Lads ..it is Tottenham...
വെറും ഒരു സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന ആ വാചകം കളിക്കാർക്കിടയിലുണ്ടാക്കിയ പ്രചോനം ചെറുതായിരുന്നില്ല. ടോട്ടൻഹാമിന്റെ തോൽവികളുടെ ചരിത്രവും യുനൈറ്റഡിന് അവർക്കെതിരെയുള്ള റെക്കോർഡുമെല്ലാം ആ ഒരൊറ്റ വാചകത്തിൽ അടങ്ങിയിരുന്നു.
എന്തായാലും ക്ലബിനെ ഒരു വികാരമായി കാണുന്ന ആരാധകർക്കിടയിൽ ഫെർഗൂസനെതിരെയുള്ള നീക്കം വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത് മുൻതാരമായ എറിക് കണ്ടോണയാണ്. ‘‘അലക്സ് ഫെർഗൂസണ് മരിക്കുന്നത് വരെ ഈ ക്ലബിൽ ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്രമുണ്ട്. ഇപ്പോൾ ചെയ്തത് ബഹുമാനം നൽകാതെയുള്ള അപമാനിക്കലാണ്. എല്ലാ കാലത്തും എന്റെ ബോസ് ഫെർഗൂസണായിരിക്കും. ഈ അനീതി ചെയ്ത എല്ലാവരെയും ഞാൻ തുണ്ടം തുണ്ടമാക്കി വലിച്ചെറിയും.’’ -വളരെ വൈകാരികമായാണ് കണ്ടോണ പ്രതികരിച്ചത്.
ബ്രിട്ടീഷ് ബില്യനയറായ ജിം റാറ്റ് ക്ലിഫിന്റെ ineos ഗ്രൂപ്പ് യുനൈറ്റഡിന്റെ 27ശതമാനം ഷെയറുകൾ വാങ്ങിയ ശേഷം ക്ലബിൽ വലിയ പരിവർത്തനങ്ങളാണ് നടത്തുന്നത്. പ്രത്യേകിച്ചും സാമ്പത്തിക കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ലോകത്തെ ഏറ്റവും വലിയ കെമിക്കൽ ഉൽപാദകരിലൊരാളായ ineos ഗ്രൂപ്പിനെ നയിക്കുന്ന റാറ്റ് ക്ലിഫ് ക്ലബിലേക്കും കോർപറേറ്റ് ഘടനയാണ് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ടീമുമായി ബന്ധപ്പെട്ട 250ഓളം സ്റ്റാഫുകളെ പുറത്താക്കാനുള്ള തീരുമാനം യുനൈറ്റഡ് ൈകൊണ്ടിട്ടുണ്ട്. ഇതിലൂടെ മാത്രം 500 കോടി ലാഭിക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നത്. കൂടാതെ ഈ വർഷം വിപുലമായ ക്രിസ്മസ് ആഘോഷങ്ങളും നടത്തേണ്ടെന്നാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിത്തന്നെയാണ് ഫെർഗൂസണെയും യുനൈറ്റഡ് പുറത്തുകളയുന്നത്. അതേ സമയം ഒരു കാലത്ത് ഓൾഡ് ട്രോഫിന്റെ ഓമനപുത്രനായിരുന്ന ഡേവിഡ് ബെക്കാം റാറ്റ് ക്ലിഫിന്റെ പരിഷ്കാരങ്ങളെ പോസിറ്റീവായാണ് സമീപിക്കുന്നത്. റാറ്റ്ക്ലിഫിനെ തനിക്കിഷ്ടമാണെന്നും ക്ലബിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം പ്രാപ്തനാണെന്നുമാണ് ബെക്കാം അഭിപ്രായപ്പെട്ടത്.
എന്നാൽ ഏതെങ്കിലും കോർപറേറ്റ് കാൽകുലേഷനിൽ ഉൾപ്പെടുത്തി തള്ളിക്കളയാവുന്ന പേരാണോ ഫെർഗൂസൺ എന്നതാണ് പ്രശ്നം. കാരണം ഫെർസൂണ് മുമ്പുള്ള കാലം, ഫെർഗൂസന്റെ കാലം, ഫെർഗൂസന്റെ പടിയിറക്കത്തിന് ശേഷമുള്ള കാലം എന്നിങ്ങനെ മൂന്നായി വിഭജിക്കാനുള്ള ചരിത്രമോ ആ ക്ലബിനുള്ളൂ.
1986 മുതൽ 2013 വരെയുള കാലയളവിൽ മാത്രം 13 ലീഗ് കിരീടങ്ങളാണ് ഓൾഡ് ട്രാഫോഡിലെത്തിയത്. രണ്ട് ചാമ്പ്യൻസ് ലീഗുകളും 9 ഡൊമനസ്റ്റിക് കപ്പുകളും ഇക്കാലയളവിൽ ചുവന്നു. യുനൈറ്റഡിനെ ഒരു ഗ്ലോബൽ ബ്രാൻഡായി വളർത്തിയതും മികച്ച യൂത്ത് അക്കാഡമി ഒരുക്കിയതുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്.
ഡേവിഡ് ബെക്കാം, എറിക് കണ്ടോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി എന്നിങ്ങനെ നീളുന്ന ഗ്ലോബൽ സൂപ്പർസ്റ്റാറുകൾ ക്ലബിലുണ്ടായിരുന്നുവെങ്കിലും അതിനും അപ്പുറമുള്ള സ്റ്റാർഡമായിരുന്നു ഫെർഗൂസൺ നിലനിർത്തിയത്. അതുകൊണ്ടുതന്നെ ഇവരിൽ പലരും ക്ലബ് വിട്ടിട്ടും യുനൈറ്റഡിനെ ഉലയാതെ അദ്ദേഹം ചലിപ്പിച്ചു
സാക്ഷാൽ അലക്സ് ഫെർഗൂസണെ പുറത്താക്കിയെങ്കിൽ യുനൈറ്റഡിൽ അധികമാരും സെയ്ഫ് അല്ല എന്നാണ് റിയോ ഫെർഡിനാൻഡിന്റെ പ്രതികരണം. എന്നാൽ സാമ്പത്തിക ഞെരുക്കമാണ് കാരണമെങ്കിൽ പ്രീമിയർ ലീഗിലെ കനത്ത ശമ്പളക്കാരായ മാനജേർമാരിൽ പെട്ട എറിക് ടെൻഹാഗ്, കോടികൾ വാരിക്കൂട്ടുന്ന കസെമിറോ, ആന്റണി, ഹാരി മഗ്വൊയ്ർ എടുത്ത് പുറത്തിടണമെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ ഈ വിഷയത്തിൽ ജിം റാറ്റ്ക്ലിഫിനെ പിന്തുണക്കുന്നവരുമുണ്ട്. പോയ അഞ്ചുവർഷം കൊണ്ട് മാത്രം 4000ത്തിലേറെ കോടി രൂപ നഷ്ടം വന്ന ഒരു കമ്പനിയിൽ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നതിൽ എന്താണ് തെറ്റെന്ന് അവർ ചോദിക്കുന്നു. കച്ചവട മാപിനികൾ വെച്ച് നോക്കുമ്പോൾ അത് ശരിയുമായിരിക്കാം. പക്ഷേ യുനൈറ്റഡിനെ ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്ക് മുന്നിൽ അത്തരം കാൽക്കുലേഷനുകൾ മനസ്സിലാകണമെന്നില്ല. അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘അയാൾ വളർത്തിയ മണ്ണിലാണ് നീയൊക്കെ ജീവിക്കുന്നത്’.