പെനാൽറ്റി പാഴാക്കി എംബാപ്പെ; ആൻഫീൽഡിൽ റയലിനെ വീഴ്ത്തി ലിവർപൂൾ 2-0
ചാമ്പ്യൻസ് ലീഗിൽ തുടരെ അഞ്ചാം മത്സരത്തിലാണ് ലിവർപൂൾ ആധികാരികമായി ജയിക്കുന്നത്.
ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളാണ് എതിരില്ലാത്ത രണ്ട് ഗോളിന് നിലവിലെ ചാമ്പ്യൻമാരെ കീഴടക്കിയത്. ലിവർപൂളിനായി മാക് അലിസ്റ്ററും(52) കോഡി ഗാക്പോയും(76) ഗോൾ കണ്ടെത്തി. മത്സരത്തിൽ നിർണായകമായ പെനാൽറ്റി കിലിയൻ എംബാപെ നഷ്ടപ്പെടുത്തി. ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹും പാഴാക്കി. തുടരെ അഞ്ച് ജയത്തോടെ ചെമ്പട പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. റയൽ 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തകർപ്പൻ ഫോമിലുള്ള ലിവർപൂളിനെതിരെ റയൽ തീർത്തുംനിറംമങ്ങി. സൂപ്പർതാരം വിനീഷ്യസ് ജൂനിറില്ലാതെയാണ് റയൽ ഇറങ്ങിയത്. ഗോൾകീപ്പർ തിബോ കോർട്ടോയുടെ സേവുകളാണ് റയലിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
🛑🛑🛑 pic.twitter.com/bUR6j4xtT5
— Liverpool FC (@LFC) November 27, 2024
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വന്തം കാണികൾക്ക് മുന്നിൽ ലിവർപൂൾ വലകുലുക്കി. 52-ാം മിനിറ്റിൽ കോണർ ബ്രാഡ്ലിയുടെ പാസിൽ നിന്ന് അലക്സിസ് മാക് അലിസ്റ്ററാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ സമനില പിടിക്കാനുള്ള സുവർണാവസരം റയലിന് ലഭിച്ചു. 59-ാം മിനിറ്റിൽ വാസ്‌കസിനെ ആൻഡ്രൂ റോബർട്ട്സൻ ഫൗൾ ചെയ്തതിന് പെനാൽറ്റി. എന്നാൽ കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചു. ഗോൾകീപ്പർ കെല്ലഹർ അനായാസം തടുത്തിട്ടു.
70-ാം മിനിറ്റിൽ ലീഡ് ഉയർത്താനുള്ള അവസരം ലിവർപൂളും പാഴാക്കി. മുഹമ്മദ് സലാഹ് എടുത്ത കിക്ക് പുറത്തേക്ക് പോയി. 76-ാം മിനിറ്റിൽ ലിവർപൂൾ രണ്ടാം ഗോളും കണ്ടെത്തി. ആൻഡ്രൂ റോബർട്ട്സന്റെ അസിസ്റ്റിൽ കോഡി ഗാക്പോയാണ് വിജയമുറപ്പിച്ച് രണ്ടാമതും റയൽ വലകുലുക്കിയത്. നിലവിൽ പ്രീമിയർലീഗ്,ചാമ്പ്യൻസ് ലീഗിൽ എതിരില്ലാതെ മുന്നേറുന്ന ടീമായി ലിവർപൂൾ. ആതിഥേയരുടെ തുടർച്ചയായ അഞ്ചാംവിജയമാണിത്. ആസ്റ്റൺവില്ല,യുവന്റസ് പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.