ഭാര്യ പിണങ്ങിപ്പോയി, തിരിച്ചുവന്നില്ലെങ്കിൽ പി.എസ്.ജി വിടും; ഭീഷണിയുമായി മൗറോ ഇക്കാർഡി
അവിഹിതം ആരോപിച്ചാണ് ഇക്കാർഡിയുടെ ഭാര്യ മക്കളുമായി പാരിസ് വിട്ടത്
ദാമ്പത്യത്തിലെ തെറ്റിദ്ധാരണയെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യ വാൻഡ നാര തിരിച്ചുവന്നില്ലെങ്കിൽ പി.എസ്.ജി വിടുമെന്ന ഭീഷണിയുമായി സ്‌ട്രൈക്കർ മൗറോ ഇക്കാർഡി. ഇക്കാർഡിയും അർജന്റൈൻ മോഡൽ ചിന സുവാരസും തമ്മിൽ നടന്നതെന്ന പേരിൽ അർജന്റീനാ മാധ്യമങ്ങൾ ടെലിഗ്രാം ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടതിനു പിന്നാലെയാണ് 28-കാരനായ ഇക്കാർഡിയും ഫുട്‌ബോൾ ഏജന്റായ വാൻഡ നാരയും തമ്മിലുള്ള വിവാഹബന്ധം പ്രതിസന്ധിയിലായത്. ഇക്കാർഡിയും ചിന സുവാരസും തമ്മിലുള്ള ചാറ്റുകൾ വാൻഡ നാര കണ്ടെത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2014-ലാരംഭിച്ച ഇക്കാർഡിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി വാൻഡ നാര ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. 'ഒരു വേശ്യക്കു വേണ്ടി മറ്റൊരു കുടുംബം കൂടി നിങ്ങൾ തകർത്തു' എന്ന പോസ്റ്റിനു പിന്നാലെ വിവാഹമോതിരം അണിയാത്ത തന്റെ വലതുകൈയിന്റെ ചിത്രവും അവർ പോസ്റ്റ് ചെയ്തു. ഭർത്താവിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത അവർ ഇക്കാർഡിയിലുണ്ടായ രണ്ട് പെൺമക്കളടക്കം അഞ്ച് മക്കളുമായി പാരിസ് വിട്ട് ഇറ്റാലിയൻ നഗരമായ മിലാനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് അർജന്റീനാ താരത്തിന്റെ ഏഴു വർഷം നീണ്ട വിവാഹജീവിതം അവസാനിക്കുകയാണെന്ന അഭ്യൂഹം പ്രചരിച്ചത്.
എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വാൻഡ നാര തിരിച്ചുവന്നില്ലെങ്കിൽ താൻ ഫുട്‌ബോൾ ജീവിതം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി ഇക്കാർഡി രംഗത്തുവന്നു. വാൻഡയെ ആലിംഗനം ചെയ്യുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ ഇടുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടെന്നാും വാൻഡയെ അനുനയിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇന്ന് ചാമ്പ്യൻസ് ലീഗിൽ വൂൾവ്‌സ്ബർഗിനെ നേരിടുന്ന പി.എസ്.ജിയുടെ പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളാലാണ് ഇക്കാർഡി ട്രെയിനിങ്ങിൽനിന്ന് വിട്ടുനിന്നതെന്നും താരവുമായി സംസാരിച്ച ശേഷമാവും പ്ലെയിങ് ഇലവനിൽ എടുക്കുന്ന കാര്യം തീരുമാനിക്കുകയെന്നും പി.എസ്.ജി കോച്ച് മൗറിഷ്യോ പൊചെറ്റിനോ വ്യക്തമാക്കി.
അതേസമയം, ഇക്കാർഡിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നത്തിൽ താൻ കക്ഷിയല്ലെന്നും ഇരുവരെയും തനിക്കറിയില്ലെന്നും ചിന സുവാരസ് പ്രതികരിച്ചു.
ഫുട്‌ബോൾ ഏജന്റും ടി.വി അവതാരകയുമായ വാൻഡ നാര, ഇക്കാർഡിയുമായുള്ള ബന്ധത്തിനു മുമ്പ് അർജന്റീന താരം മാക്‌സി ലോപ്പസിന്റെ ഭാര്യയായിരുന്നു. 2008-ൽ ആരംഭിച്ച ഈ ബന്ധത്തിൽ മൂന്നു മക്കളുണ്ട്. 2013-ൽ ലോപ്പസുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് അവർ ഇക്കാർഡിയെ വിവാഹം ചെയ്തത്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന മാക്‌സി ലോപ്പസും ഇക്കാർഡിയും വാൻഡ നാരയുടെ പേരിൽ അകന്നിരുന്നു. 2014-ലെ ഒരു സീരി എ മത്സരത്തിനിടെ ഇന്റർ മിലാൻ താരമായിരുന്ന ഇക്കാർഡിയുമായി ഹസ്തദാനം ചെയ്യാൻ സാംപദോറിയ താരമായ ലോപ്പസ് വിസമ്മതിച്ചത് വാർത്തയാവുകയും ചെയ്തു.