ഗാലറി നിറയെ ഓസിലിന്‍റെ ചിത്രങ്ങള്‍; വേറിട്ട പ്രതിഷേധവുമായി ആരാധകര്‍

ജര്‍മനി സ്പെയിന്‍ പോരാട്ടം അരങ്ങേറിയ അല്‍ ബെയ്ത് സ്റ്റേഡിയത്തിലായിരുന്നു ആരാധകരുടെ വേറിട്ട പ്രതിഷേധം

Update: 2022-11-27 22:00 GMT
Advertising

ദോഹ: ആദ്യാവസാനം ആവേശം അണപൊട്ടയൊഴുകിയ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ മറ്റൊരു  തോല്‍വിയില്‍ നിന്ന്  രക്ഷപ്പെട്ടതിന്‍റ ആശ്വാസത്തിലാണ് ജര്‍മന്‍ ആരാധകര്‍. മത്സരത്തിലുടനീളം ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായില്ല. ജര്‍മനി സ്പെയിന്‍ പോരാട്ടം അരങ്ങേറിയ അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ഗാലറികള്‍ ഇന്ന് വ്യത്യസ്തമായൊരു പ്രതിഷേധത്തിനും വേദിയായി. 

മത്സരം ആരംഭിക്കും മുമ്പേ നിരവധി ആരാധകരാണ് മുന്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലിന്‍റെ ചിത്രങ്ങളുമായി ഗാലറിയിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 'വൺ ലവ്' ആശയങ്ങൾ അടങ്ങിയ ക്യാപ്റ്റൻ ആം ബാൻഡ് അടക്കം വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജര്‍മന്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ചിരുന്നു. ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചക്കും വഴിവച്ചു. പലരും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നപ്പോള്‍ വലിയൊരു വിഭാഗം ആളുകള്‍ ജര്‍മന്‍ ടീമിന്‍റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി. 

വംശീയ കാരണങ്ങളാല്‍ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കേണ്ടി വന്ന മെസ്യൂട്ട് ഓസിലിനെ ഉയര്‍ത്തിക്കാണിച്ചായിരുന്നു പലരുടേയും വിമര്‍ശനം. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് ഗാലറിയില്‍ ഓസിലിന്‍റെ ചിത്രങ്ങളുമായി ആരാധകരെത്തിയത്.

2018 ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ജര്‍മനിയില്‍ നിരവധി വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായ ഓസില്‍ ഇതില്‍ മനം മടുത്താണ് കരിയറില്‍ മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷിതമായി തന്‍റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. താന്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങളെ കുറിച്ച് ഓസില്‍ അന്ന് തുറന്ന് പറഞ്ഞിരുന്നു. 

തുര്‍ക്കിഷ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗാനൊടൊപ്പമുള്ള ഓസിലിന്‍റെ ഒരു ചിത്രം വലിയ വംശീയപ്രചാരണങ്ങള്‍ക്കായി ജര്‍മനിയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ജര്‍മനിയുടെ ലോകകപ്പ് തോല്‍വിക്ക് കാരണക്കാരന്‍ ഓസിലാണെന്നും മാധ്യമങ്ങള്‍ പരക്കെ പ്രചരിപ്പിച്ചു. 

''ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരനുമാവുന്നു'' എന്നാണ് ഓസില്‍ അന്ന് പ്രതികരിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News