നനഞ്ഞ തുടക്കം: ഈ മുംബൈ ഇന്ത്യൻസിൽ പ്രതീക്ഷ വേണോ?


ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടാണ് തുടങ്ങാറുള്ളത്... സീസണിലെ ആദ്യ മത്സരം തോൽക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകർ തങ്ങളുടെ സോഷ്യൽ മീഡിയ ചുമരുകളിൽ ഒട്ടിക്കുന്ന ഒരു വാചകമാണത്. ആ ടീമിലുള്ള ആത്മവിശ്വാസവും അവരുടെ സ്ക്വാഡ് ഡെപ്തും അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ അത് പറയാറുള്ളത്.
2012ന് ശേഷം നാളിന്നുവരെ അവർ ഐപിഎല്ലിൽ ആദ്യ മത്സരം വിജയിച്ചിട്ടില്ല. എതിരാളികളും ഗ്രൗണ്ടുമെല്ലാം പലകുറി മാറിവന്നു. പക്ഷേ തോൽവിയോടെ തുടങ്ങുക എന്ന പതിവ് ഒരിക്കലും തെറ്റിയില്ല. എങ്കിലും ആരാധകർക്കതിൽ വലിയ നിരാശയൊന്നുമില്ലായിരുന്നു. കാരണം ഇതേ കാലയവളിൽ തന്നെയാണ് അവരുടെ അലമാര ട്രോഫികളാൽ നിറഞ്ഞത്. തോറ്റുതുടങ്ങിയ അഞ്ചുസീസണുകൾക്കൊടുവിലും ഐപിഎൽ കിരീടമെന്ന പ്രസ്റ്റീജയസ് ട്രോഫി അവരുടെ കൈകളിൽ തന്നെ തിളങ്ങി. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടാണ് തുടങ്ങാറുള്ളതെന്ന് ആരാധകർ പറയുമ്പോൾ അതിനൊരു വീരപരിവേഷമുണ്ടായിരുന്നു
എന്നാൽ തോറ്റുതുടങ്ങുമ്പോൾ ഇന്ന് ആരാധകർക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാൻ വയ്യ. കാരണം പോയ നാല് ഐപിഎൽ സീസണുകളിൽ അവർ േപ്ല ഓഫിലെത്തിയത് ഒരേ ഒരു തവണ മാത്രമാണ്. അതിൽ രണ്ട് തവണ ഫിനിഷ് ചെയ്തത് പത്താം സ്ഥാനത്തും. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ അവരൊരിക്കലും ടോപ്പ് ഫൈവിന് പുറത്തേക്ക് പോയിട്ടില്ല. പക്ഷേ അവസാന മൂന്ന് സീസണിൽ രണ്ടെത്തിലും അവർ സീസൺ അവസാനിപ്പിച്ചത് പത്താം സ്ഥാനത്താണ്.
അഞ്ച് ഐപിഎൽ കീരീടങ്ങളെന്ന തിളക്കത്തിലേക്ക് അവരെത്തിയത് ഒട്ടും യാദൃശ്ചികമായിരുന്നില്ല. ലേലത്തിൽ താരങ്ങളെ ചൂണ്ടയിടുന്നത് മുതൽ ടീം ബിൽഡപ്പിലും ബാലൻസിലും വരെ തികഞ്ഞ പ്രൊഫഷണലിസം സൂക്ഷിച്ചാണ് അവർ വിജയങ്ങൾ ആവർത്തിച്ചത്. ഒന്നുമല്ലാതെ മുംബൈ കുപ്പായമണിഞ്ഞ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും തിലക് വർമയെയുമൊക്കെ അവർ ഒരു ബ്രാൻഡാക്കി മാറ്റി. യുവതാരങ്ങളെ വളർത്തുന്നതിലും ദേശീയ ടീമിലേക്ക് സംഭാവന നൽകുന്നതിലും മറ്റേതൊരു ടീമിനേക്കാളും ഉയരത്തിൽ അവരുണ്ട്. നാളിന്നുവരെ കേരള സീനിയർ ജഴ്സി പോലും അണിയാത്ത വിഗ്നേഷ് പുത്തൂരിനെ കണ്ടെത്തി ചെപ്പോക്കിലേക്ക് ഇറക്കി വിട്ടത് പുതിയൊരു ഉദാഹരണം.
മുംബൈയുടെ വിജയകഥകളിലെ മറ്റൊരു രഹസ്യം ബൗളിങ് ഡിപ്പാർട്മെന്റായിരുന്നു. ലേലത്തിൽ കൂറ്റനടിക്കാരെ മാത്രം കണ്ട് മറ്റുടീമുകൾ പോയപ്പോൾ മുംബൈ എക്കാലത്തും ബൗളിങ് ഡിപ്പാർട്മെന്റിനെ സുരക്ഷിതമാക്കി നിർത്തി. ലസിത് മലിംഗയും ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും അടക്കമുള്ള ഐപിഎല്ലിലെ ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ളവരാണ് അവരുടെ ബൗളിങ് അരമനകൾക്ക് കാവലിരുന്നത്
എന്തുപറ്റി മുംബൈക്ക്?
ഈ വീരപുരാണങ്ങളിൽ അഭിരമിച്ചിരിക്കാതെ അടിയന്തര ശസ്ക്രക്രിയകൾക്ക് ഒരുങ്ങാൻ നേരമായി എന്നാണ് അവരുടെ ആദ്യ രണ്ട് മത്സരഫലങ്ങൾ പറയുന്നത്. രണ്ട് മത്സരങ്ങളിലും എതിരാളികൾക്ക് മികച്ച മത്സരം നൽകാൻ പോലും അവർക്ക് സാധിച്ചില്ല. ചെന്നൈക്കെതിരെ വിഗ്നേഷും വിൽജാക്സും എറിഞ്ഞ ഏതാനും ഓവറുകളിൽ മാത്രമാണ് അവർ മത്സരത്തിലുണ്ടായിരുന്നത്. ഗുജറാത്തിനെതിരെ ബൗളിങ്ങിൽ പാളിയ അവർക്ക് ബാറ്റിങ്ങിൽ അത് തിരിച്ചുപിടിക്കാനുമായില്ല. ഓപ്പണിങ്ങിലും ഫിനിഷിങ്ങിലും പരാജയമായി. തിലക് വർമയും സൂര്യകുമാർ യാദവും ക്രീസിൽ അതിജീവിച്ചത് മാത്രമാണ് അവർക്ക് പ്രതീക്ഷയുള്ളത്
ഇക്കുറി ഭേദപ്പെട്ട ഒരു ബാറ്റിങ് ലൈനപ്പ് അവർക്കുണ്ട് എന്നതാണ് സത്യം. പക്ഷേ ഓപ്പണർമാരായ രോഹിത് ശർമയും റ്യാൻ റിക്കൽട്ടണും ഫോമിലേക്കുയരാത്തത് പ്ലാൻ തെറ്റിക്കുന്നു. തുടക്കത്തിലേ നനഞ്ഞ പടക്കമായി മാറുന്ന മുംബൈ ബാറ്റിങ് ലൈനപ്പിന് പിന്നീടൊരിക്കലും തീ പടർത്താനാകില്ല. ഒരു പക്ഷേ ഓപ്പണിങ് സഖ്യം ക്ലിക്കായാൽ മുംബൈയുടെ ജാതകം തന്നെ മാറിയേക്കാം. കാരണം ഒരു ഇമ്പാക്റ്റ് െപ്ലയറക്കം എട്ടുപേരെങ്കിലും അവർക്കായി ബാറ്റുവീശാനുണ്ട്. എങ്കിലും ഫിനിഷിങ്ങിൽ അവർക്ക് പോയ കാലത്തെ കരുത്തില്ല. കീരൺ പൊള്ളാർഡ് അവശേഷിപ്പിച്ചുപോയ സ്ളോട്ട് ഇനിയും നികന്നിട്ടില്ല. പോയ സീസണുകളിൽ ടിം ഡേവിഡിനെ പരീക്ഷിച്ച് പരാജയപ്പെട്ടു. ഇക്കുറി പാണ്ഡ്യക്ക് തന്നെ ആ വലിയ റോൾ ഏറ്റെടുക്കേണ്ടിവരും
ബുംറ വരും, എല്ലാ ശരിയാകും?
പരിക്ക് കാരണം ജസ്പ്രീത് ബുംറ പുറത്തിരിക്കുന്നതിന്റെ കുറവ് തീർച്ചയായും ബൗളിങ്ങിൽ കാണാനുണ്ട്. മുംബൈയിലേക്ക് മടങ്ങിയെത്തിയ ട്രെന്റ് ബോൾട്ടിന് രണ്ട് മത്സരങ്ങളിലും എതിരാളികളെ വിറപ്പിക്കാനായില്ല. ദീപക് ചഹാറിന്റെ കാര്യവും സമാനം തന്നെ. ഏത് ഗ്രൗണ്ടിലും ഏത് എതിരാളികൾക്കെതിരെയും ഷുവർ ബെറ്റായ ബുംറയുടെ നാലോവറുകൾ ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ കാര്യങ്ങൾ മാറിയേക്കും. എങ്കിലും ബുംറയുടെ ചുമലിൽ ചവിട്ടി മാത്രം അധികം മുന്നോട്ട് പോകാനാകില്ല എന്നതിന് പോയ സീസണുകൾ സാക്ഷിയാണ്. ഒരു കാലത്ത് മലിംഗയും പിന്നീട് ബോൾട്ടും അടക്കമുള്ളവർ ബുംറക്കൊപ്പം അണിചേർന്നപ്പോഴാണ് അവർക്ക് വിസ്മയങ്ങൾ രചിക്കാനായിരുന്നത്.
ഗുജറാത്തിനെതിരായ തോൽവിക്ക് പിന്നാലെ ഫീൽഡിങ്ങിൽ വരുത്തിയ പിഴവുകളെയും ബാറ്റിങ്ങിലെ മോശം പ്രകടനങ്ങളെയുമാണ് ഹാർദിക് പഴി ചാരിയത്. മുംബൈയെ മുംബൈ ഇന്ത്യൻസാക്കിയ ഇന്ത്യൻ ക്യാപ്ററൻ രോഹിതും ട്വന്റി 20യിൽ ഇന്ത്യൻ സംഘത്തെ പരിവർത്തിച്ച സൂര്യകുമാർ യാദവുമുള്ളപ്പോൾ പാണ്ഡ്യ നയിക്കുന്നത് ഇനിയും ദഹിക്കാത്തവരുണ്ട്. പോയവർഷം വാംഖഡെയിൽ പല രൂപത്തിൽ നാമത് കണ്ടതുമാണ്. ഇന്ത്യൻ ടീമിലെ പ്രകടനങ്ങളിലൂടെ പാണ്ഡ്യ അതെല്ലാം മായ്ച്ചുകളഞ്ഞിട്ടുണ്ട്. എങ്കിലും ആ സൗകര്യം അധികകാലം കിട്ടില്ല. അതിനിർണായക മത്സരങ്ങളാണ് ഇനി വരാനുള്ളത് എന്നർത്ഥം.