ഗോള്‍ മെഷീന്‍ എംബാപ്പെ; ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പം
നാല് ഗോളുകൾ കൂടി നേടിയാല്‍ അരങ്ങേറ്റത്തിൽ റയലിനായി ഏറ്റവും കൂടുതൽ ഗോള്‍ സ്‌കോർ ചെയ്യുന്ന താരമെന്ന റെക്കോർഡ് എംബാപ്പെയെ തേടിയെത്തും


കടുത്ത ക്രിസ്റ്റ്യാനോ ആരാധകനാണ് റയൽ മാഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ. ക്രിസ്റ്റിയാനോയുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞൊരു മുറിക്കകത്ത് ഇരിക്കുന്ന കുഞ്ഞ് എംബാപ്പെയുടെ ഒരു ചിത്രം ഫുട്‌ബോൾ ആരാധകർക്ക് സുപരിചതമാണ്.
കഴിഞ്ഞ വർഷമാണ് എംബാപ്പെ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനൊപ്പം ചേരുന്നത്. ബെർണബ്യൂവിൽ താളം കണ്ടെത്താൻ തുടക്കത്തിൽ ഒരൽപം ബുദ്ധിമുട്ടിയ എംബാപ്പെ വൈകാതെ തന്നെ ട്രാക്കിലായി. ഇപ്പോഴിതാ അരങ്ങേറ്റ സീസണിൽ 33 ഗോളുമായി തന്റെ ഐഡൽ റോണോയുടെ നാഴികക്കല്ലിനൊപ്പമെത്തിയിരിക്കുകയാണ് എംബാപ്പെ. കഴിഞ്ഞ ദിവസം ലെഗാനസിനെതിരെ താരം ഇരട്ട ഗോള്‍ കണ്ടെത്തിയിരുന്നു.
ലോസ് ബ്ലാങ്കോസ് ജഴ്‌സിയിൽ അരങ്ങേറ്റ സീസണിൽ ക്രിസ്റ്റിയാനോ 33 തവണയാണ് വലകുലുക്കിയത്. സീസണിൽ ഇനിയും കളികൾ ബാക്കിയുള്ളതിനാൽ എംബാപ്പെ ഈ സംഖ്യ മറികടക്കും എന്ന് ഉറപ്പാണ്.
ഒപ്പം വലിയൊരു ചരിത്ര നേട്ടത്തിന് അരികിൽ കൂടിയാണ് എംബാപ്പെ. നാല് ഗോളുകൾ കൂടി ഇനി സ്‌കോർ ചെയ്താൽ അരങ്ങേറ്റത്തിൽ റയലിനായി ഏറ്റവും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യുന്ന താരമെന്ന റെക്കോർഡ് എംബാപ്പെയെ തേടിയെത്തും. 1992-93 സീസണിൽ ഇവാൻ സമൊറാനോ കുറിച്ച റെക്കോർഡ് അതോടെ പഴങ്കഥയാവും.