സൗദി ജയിക്കണം... ഉറ്റുനോക്കി അർജന്റീന

സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ

Update: 2022-11-26 11:35 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: അർജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിൽ സൗദി അറേബ്യ ഇന്ന് പോളണ്ടിനെ നേരിടുന്നു. ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലെത്താം. മെക്‌സിക്കോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതിനാൽ പോളണ്ടിന് ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. മത്സരം സമനിലയായാലും പോളണ്ടിന് തിരിച്ചടിയാകും.

അതേസമയം, സൗദി തോൽക്കുകയാണെങ്കിൽ അർജന്റീനയ്ക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ. ഒരു സമനില വഴങ്ങിയാലും അവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും.




ആദ്യ മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദി തോൽപ്പിച്ചത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമായിരുന്നു സൗദിയുടെ ഞെട്ടിക്കുന്ന തിരിച്ചുവരവ്. എന്നാൽ, മെക്‌സിക്കോയോട് ഗോൾരഹിത സമനിലയായിരുന്നു പോളണ്ട് നേടിയത്. മെക്‌സിക്കോ കീപ്പർ ഗുെലെർമോ ഒച്ചോവോയുടെ പ്രകടനമാണ് പോളണ്ടിന് തിരിച്ചടിയായത്.




ഇനി ടീമിലേക്ക് വന്നാൽ ആദ്യമത്സരത്തിനിറങ്ങിയ ടീമിൽ ഒരു മാറ്റവുമായിട്ടായിരിക്കും സൗദി ഇറങ്ങുക. അർജന്റീനയ്‌ക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ ഫുൾബാക്ക് യാസിർ അൽഷഹരാനിയ്ക്ക് പകരം മുഹമ്മദ് അൽ ബുറായ്ക് ടീമിലെത്താനാണ് സാധ്യത. എന്നാൽ, ആദ്യ മത്സരത്തിൽ മെക്‌സിക്കോയ്ക്ക് എതിരെ ഇറങ്ങിയ ആദ്യ ഇലവനെ സൗദിക്കെതിരെയും പോളണ്ട് നിലനിർത്താനാണ് സാധ്യത.

സാധ്യത ടീം:

സൗദി അറേബ്യ: അൽ ഒവെയ്‌സ്, അൽ ബുറായ്ക്, അൽ ബൊലേഹി, അൽ തംബക്തി, അബ്ദുൽ ഹമീദ്, അൽ മൽകി, കന്നോ, അൽ അബദ്, അൽ ദവ്‌സരി, അൽ ശഹ്‌രിരി, അൽ ബുറെയ്കാൻ

പോളണ്ട്: സെഷൻസി, സലേവ്‌സ്‌കി, കിവിയോർ, ഗിൽക്, ബെദ്‌നരേക്,ക്യാഷ്, സിമാൻസ്‌കി, കിർച്ചോവിയക്, സിലെൻസ്‌കി, ലെവൻഡോവ്‌സ്‌കി, മിലിക്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News