ഏഷ്യൻ ടൂറിൽനിന്ന് എംബാപ്പയെ വെട്ടി പി.എസ്.ജി; ഇന്ന് വിൽപനയ്ക്കു വയ്ക്കുമെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ർ അടക്കമുള്ള ക്ലബുകൾക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിനുള്ള സ്‌ക്വാഡിൽ നെയ്മറും എംബാപ്പെയുടെ സഹോദരൻ എഥാൻ എംബാപ്പെയും ഉൾപ്പെട്ടിട്ടുണ്ട്

Update: 2023-07-22 07:36 GMT
Editor : Shaheer | By : Web Desk

കിലിയന്‍ എംബാപ്പെ

Advertising

പാരിസ്: ഏഷ്യയിലേക്കുള്ള പ്രീസീസൺ പര്യടനത്തിനുള്ള സ്‌ക്വാഡിൽനിന്ന് സൂപ്പർ താരം കിലിയൻ എംബാപ്പയെ ഒഴിവാക്കി പി.എസ്.ജി. ഈ മാസം അവസാനത്തിൽ ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എംബാപ്പയെ ക്ലബ് ഇന്നു വിൽപനയ്ക്കു വയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.

എംബാപ്പെയെ ഒഴിവാക്കാനുള്ള കാരണം പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൂപ്പർ താരം നെയ്മർ ടീമിലുണ്ട്. അടുത്തിടെ പി.എസ്.ജി ക്ലബിലെത്തിച്ച എംബാപ്പെയുടെ സഹോദരൻ എഥാൻ എംബാപ്പെയും സ്‌ക്വാഡിൽ ഇടംനേടിയിട്ടുണ്ട്.

എംബാപ്പെ വഞ്ചിച്ചെന്ന നിലപാടിലാണ് ക്ലബ് ഉടമകൾ. 2024ൽ കാലാവധി തീരുന്നതോടെ കരാർ പുതുക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ 12ന് അപ്രതീക്ഷിതമായി കത്തുമുഖേനെയാണ് താരം ക്ലബിനെ വിവരം അറിയിച്ചത്.

ഇതിനു പിന്നാലെ റയൽ മാഡ്രിഡുമായി എംബാപ്പെ ചർച്ച നടത്തിയതായും ക്ലബ് വൃത്തങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഫ്രീ ഏജന്റായി ടീമിലെത്താമെന്ന ധാരണയിലെത്തിയതായാണ് വിവരം. ഫ്രീ ഏജന്റായി ടീം വിടില്ലെന്ന് എംബാപ്പെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം പി.എസ്.ജി വിശ്വസിക്കുന്നില്ല. തങ്ങളെ അറിയിക്കാതെ രഹസ്യമായി റയലുമായി ധാരണയിലെത്തിയതായാണ് ക്ലബ് കരുതുന്നത്. ഇതെല്ലാം ക്ലബിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള നീക്കത്തിലേക്ക് ക്ലബിനെ നയിച്ചതും ഇതുതന്നെയാണെന്നാണ് സൂചന.

ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഏഷ്യൻ ക്ലബുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരായ പി.എസ്.ജിയുടെ സൗഹൃദമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്‌റുമായാണ് പി.എസ്.ജിയുടെ ആദ്യ ആദ്യ മത്സരം. ജൂലൈ 25ന് ഒസാക്കയിലെ നെഗായ് സ്റ്റേഡിയമാണ് വേദി. ജൂലൈ 28ന് ജാപ്പനീസ് ക്ലബായ സെറെസോ ഒസാക്കയുമായി ഒസാക്കയിൽ തന്നെയാണ് രണ്ടാം മത്സരവും. ആഗസ്റ്റ് ഒന്നിന് ടോക്യോയിൽ ഇന്റർ മിലാനുമായും സൗഹൃദമത്സരം നടക്കും.

പിന്നീട് ദക്ഷിണ കൊറിയയിലേക്ക് തിരിക്കും. ദക്ഷിണ കൊറിയൻ ക്ലബായ ജിയോൻബുക് ഹ്യൂണ്ടായ് മോട്ടോഴ്‌സുമായി ഏറ്റുമുട്ടും. ബുസാനിൽ ആഗസ്റ്റ് മൂന്നിനു നടക്കുന്ന മത്സരത്തോടെ ടീം പാരിസിലേക്ക് മടങ്ങും.

Summary: PSG drop Kylian Mbappe from squad for Asian tour

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News