എംബോളോയുടെ ഗോളില്‍ കാമറൂണ്‍ കടന്ന് സ്വിറ്റ്സര്‍ലന്‍ഡ്
കാമറൂൺ വംശജനായ സ്വിസ് മുന്നേറ്റ താരം ബ്രീല്‍ എംബോളോ തന്നെ കാമറൂണിന്‍റെ അന്തകനായി
ദോഹ: അല്‍ജുനൂബ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയിലുടനീളം നിറഞ്ഞുകളിച്ച കാമറൂണിനെതിരെ രണ്ടാം പകുതിയില്‍ ബ്രീല്‍ എംബോളോ നേടിയ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ഖത്തര്‍ ലോകകപ്പിലെ ആദ്യ ജയം. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് പിന്നിടുമ്പോഴാണ് സ്വിസ് സംഘം ലക്ഷ്യം കണ്ടത്. കാമറൂൺ വംശജനായ സ്വിസ് മുന്നേറ്റ താരം ബ്രീല്‍ എംബോളോ തന്നെ കാമറൂണിന്‍റെ അന്തകനായി.
8-ാം മിനിറ്റിൽ വലതുവിങ്ങിലൂടെ എംബോളോയ്ക്ക് ഷാഖിരിയുടെ അളന്നുമുറിച്ച ക്രോസ്. ആറു വാരയകലെ അത് ബോക്‌സിലേക്ക് കൃത്യമായി തട്ടിയിടേണ്ട ആവശ്യമേ എംബോളോയ്ക്ക് വന്നുള്ളൂ. ഗോള്‍... ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷമാണ് രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം എംബോളോയുടെ ഗോള്‍.
ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ മത്സരം കാമറൂണില്‍നിന്ന് സ്വിറ്റ്‌സർലൻഡ് പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ മൈതാനത്തിന്റെ നാലു ഭാഗത്തും പറന്നുകളിച്ച കാമറൂണുകാർ സ്വിസ് മുന്നേറ്റത്തിൽ പകച്ചുനിന്നു.
****
ആദ്യ പകുതിയില്‍ സ്വിസ് ബോക്‌സിൽ പലതവണയാണ് ആഫ്രിക്കന്‍ സംഘം പരിഭ്രാന്തി പടർത്തിയത്. എന്നാൽ, ഒരു അവസരവും ഗോളാക്കി മാറ്റാനായില്ല. മറുവശത്ത് സ്വിറ്റ്‌സർലൻഡിന്റെ പേരുകേട്ട മുന്നേറ്റ നിരയ്ക്ക് കാമറൂണിനുമുന്നില്‍ പ്രതീക്ഷിച്ച അത്ര വെല്ലുവിളി ഉയര്‍ത്താനുമായില്ല.
രണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡിന് ലഭിച്ച കോർണർ കാമറൂൺ പ്രതിരോധം ക്ലിയർ ചെയ്തു. എട്ടാം മിനിറ്റിൽ കാമറൂണിന്റെ ആദ്യ ആക്രമണം. 35 വാര അകലെനിന്നു ലഭിച്ച ഫ്രീകിക്കെടുത്ത ബിയാൻ ബ്വേമോയ്ക്ക് പ്രതിരോധം കടക്കാനായില്ല. പത്താം മിനിറ്റിൽ കാമറൂണിനുമുന്നിൽ രണ്ട് അവസരമാണ് തുറന്നുകിട്ടിയത്. സ്വിസ് പ്രതിരോധത്തിനു മുകളിലൂടെ ലഭിച്ച ലോങ് പാസ് ബ്വേമോ വലയിലേക്ക് തൊടുത്തെങ്കിലും യാൻ സോമർ തട്ടിയകറ്റി. പന്ത് റീബൗണ്ടായി തിരിച്ചുവീണത് കാമറൂണിന്റെ ടോകോ എബാമ്പിയുടെ കാലിൽ. എന്നാൽ, എകാബിക്ക് അവസരം മുതലെടുക്കാനായില്ല.
14-ാം മിനിറ്റിൽ ഗോൾവല ലക്ഷ്യമാക്കി വീണ്ടും കാമറൂൺ ആക്രമണം. യാൻ സോമറിന്റെ അതിമനോഹര സേവ്. 24-ാം മിനിറ്റിനുശേഷം പലപ്പോഴായി കാമറൂൺ പട സ്വിസ് ബോക്‌സിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍, അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ സ്വിസ് ടീമിന് കഴിഞ്ഞില്ല.
എന്നാല്‍, രണ്ടാം പകുതി ആരംഭിച്ചതോടെ അപകടം മണത്തെന്നു തോന്നിപ്പിക്കുംവിധം സ്വിസ് പട ഉണര്‍ന്നുകളിക്കുന്നതാണ് കണ്ടത്. മിനിറ്റുകള്‍ക്കകം ആദ്യലക്ഷ്യവും കാണാനായി. എംബോളോയുടെ വക ആദ്യ ഗോള്‍.
50-ാം മിനിറ്റിൽ കാമറൂണിന് വീണുകിട്ടിയ ഫ്രീകിക്ക് അവസരം. എന്നാൽ, ബാക്ക് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഹെഡറിലൂടെ ഗോളാക്കാനുള്ള ശ്രമം സോമർ തട്ടിയകറ്റി. 54-ാം മിനിറ്റിലും കാമറൂണിന് മറ്റൊരു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
58-ാം മിനിറ്റിൽ സമനില പിടിക്കാൻ കാമറൂൺ നായകൻ എറിക് മാക്‌സിം ചോപോ മോട്ടിങ് ഒറ്റയ്ക്കുള്ള മുന്നേറ്റം. നിരവധി സ്വിസ് താരങ്ങളെ മറികടന്ന് പന്തുമായി കുതിച്ച താരം ബോക്‌സിനു തൊട്ടടുത്ത് ഗോൾവല ലക്ഷ്യമാക്കി കിടലൻ ഷോട്ട് തൊടുത്തു. എന്നാൽ, സോമർ ഒരിക്കൽകൂടി സ്വിസ് പടയുടെ രക്ഷകനായി. പുറത്തേക്ക് തട്ടിയകറ്റി. കോർണറെടുത്ത ബ്വേമോയുടെ ഷോട്ടും സോമർ ക്ലിയർ ചെയ്തു.
68-ാം മിനിറ്റിൽ കോർണറിലൂടെ ലീഡ് ഉയർത്താൻ വീണ്ടും എംബോളോ. എന്നാൽ, കാമറൂൺ താരം ആൻഡ്രെ ഫ്രാങ്ക് സാംബോ അംഗ്വിസ്സ പന്ത് തട്ടിയകറ്റി. 72-ാം മിനിറ്റിൽ സൂപ്പർ താരം ഷാഖിരിയെയും ഗോൾനേട്ടക്കാരൻ എംബോളോയെയും ജിബ്രിൽ സോവിനെയും സ്വിസ് കോച്ച് തിരിച്ചുവിളിച്ചു. സെഫെറോവിച്ച്, ഫ്രൈ, ഒകോഫർ എന്നിവരാണ് പകരക്കാരായി എത്തിയത്. 84-ാം മിനിറ്റിൽ സ്വിസ് താരം അകാഞ്ചിക്ക് മഞ്ഞക്കാർഡ് ലഭിച്ചു.
അധികസമയത്ത് അവസാന മിനിറ്റിൽ തുറന്നുകിട്ടിയ ഓപൺ അവസരം സെഫെറോവിച്ച് പാഴാക്കി. കാമറൂൺ പ്രതിരോധതാരം കാസ്‌റ്റെല്ലെറ്റോ ബോ്ക്‌സിനകത്തുനിന്ന് പന്ത് തട്ടിയകറ്റി.
****
ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായാണ് ഞങ്ങൾ വരുന്നതെന്നാണ് സ്വിറ്റ്സർലാൻഡ് പരിശീലകൻ മുറാറ്റ് യാക് മത്സരത്തിനുമുന്‍പ് പറഞ്ഞത്. 2020 യൂറോ കപ്പിൽ ക്വാർട്ടർഫൈനലിൽ എത്തിയതാണ് സ്വിറ്റ്സർലാൻഡിന്റെ ഇതിന് മുമ്പത്തെയുള്ള മികച്ച നേട്ടം. അവിടെ സ്പെയിനിനോട് പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി. ഇറ്റലിക്ക് മുമ്പിലായി ലോകകപ്പ് യോഗ്യത പോയിന്റും സ്വന്തമാക്കി. മൂന്ന് തുടർ തോൽവികൾക്ക് ശേഷം യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ, സ്‌പെയിൻ, ചെക് റിപ്പബ്ലിക്ക് എന്നിവർക്കെതിരെ നേടിയ ജയം അവർക്ക് പ്രതീക്ഷ നൽകുന്നതാണ്.
എട്ടാം ലോകകപ്പിനാണ് ആഫ്രിക്കൻ കരുത്തരായ കാമറൂൺ എത്തിയത്. ആഫ്രിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിക്കുന്ന രാജ്യമെന്ന നേട്ടം കാമറൂണിനാണ്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെല്ലാം കാമറൂൺ തോറ്റാണ് തുടങ്ങാറ്. അങ്ങനെയൊരു ചീത്തപ്പേര് മാറ്റുക എന്നതാണ് റിഗോബർട്ട് സോങ് പരിശീലിപ്പിക്കുന്ന കാമറൂണിന്റെ ആദ്യ ദൗത്യം. എന്നാൽ പിന്നോട്ട് നോക്കുമ്പോൾ രസമുള്ള ഓർമകളൊന്നും കാമറൂണുകാർക്ക് ഇല്ല. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ജയിച്ചത്. അതും റാങ്കിങിൽ 141-ാം സ്ഥാനക്കാരുമായി. എന്നിരുന്നാലും എത് വമ്പന്മാരുടെ ഗോൾമുഖം തുറക്കാൻ കെൽപ്പുള്ള ടോകോ എകാമ്പി, എറിക് മാക്സിം ചോപ്പോ മോട്ടിങിനെ പോലുള്ളവരുടെ കരുത്ത് കാമറൂണുകാരുടെ പ്രതീക്ഷകളാണ്. അതേസമയം ബ്രസീൽ കൂടി അടങ്ങുന്ന ഗ്രൂപ്പിൽ മുന്നോട്ട് പോകണമെങ്കിൽ പെരുംകളി പുറത്തെടുക്കേണ്ടി വരും.
Summary: World Cup 2022: Switzerland vs Cameroon live updates