തരംതാഴ്ത്തലിന്റെ വക്കിൽ നിന്ന് തലയെടുപ്പുള്ള സംഘം, ലെവർകൂസൻ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം ഈ സ്പാനിഷ് താരം

ഇതുവരെ 25 മത്സരങ്ങളിൽ നിന്നായി 23 വിജയമാണ് നേടിയത്. മൂന്ന് മാച്ചിൽ സമനില. അടിച്ച്കൂട്ടിയത് 81 ഗോളുകൾ. 18 ഗോൾമാത്രം വഴങ്ങിയപ്പോൾ 11 മത്സരങ്ങൾ ക്ലീൻഷീറ്റ്.

Update: 2023-12-22 08:17 GMT
Editor : Sharafudheen TK | By : Web Desk
Advertising

മ്യൂണിക്: തോൽവിയറിയാതെ തുടർച്ചയായി 25 മത്സരങ്ങൾ. ജർമ്മൻ ബുണ്ടെസ്‌ലീഗയിൽ ബയേൺ മ്യൂണികിന്റെ അപ്രമാധിത്വം അവസാനിപ്പിച്ച് ലീഗിൽ തലപ്പത്ത്. ഒരുകലണ്ടർ വർഷം ഏറ്റവുംകൂടുതൽ വിജയം നേടുന്ന ക്ലബ് റെക്കോർഡ്. ഒരുഘട്ടത്തിൽ തരംതാഴ്ത്തൽ ഭീഷണി നേടിട്ട ജർമ്മൻ ക്ലബ് ബയേർ ലെവർകൂസണിന്റെ വിജയമന്ത്രത്തിന് പിന്നിൽ സാബി അലോൻസോയെന്ന മുൻ സ്പാനിഷ് താരമാണ്. ലിവർപൂൾ, ബയേൺമ്യൂസിക്, റയൽ സോസിഡാഡ് എന്നീ ക്ലബുകൾക്കായി കളത്തിലിറങ്ങിയ 42കാരൻ പരിശീലകസ്ഥാനമേറ്റെടുത്തതാണ് ടീമിന്റെ ജാതകം മാറ്റിമറിച്ചത്.

ലീഗ് മത്സരങ്ങൾ പകുതി പിന്നിടുമ്പോൾ ബയേൺ മ്യൂണികിന്റെ മേധാവിത്വം ചോദ്യംചെയ്ത് 42പോയന്റുമായി തലപ്പത്താണ് ലെവർകൂസൻ. നിലവിലെ ചാമ്പ്യൻമാരായ ബയേൺ 38 പോയന്റുമായി രണ്ടാമതാണ്. മുൻസീസണുകളിൽ ശരാശരി പ്രകടനം നടത്തിയ ടീമിനെ കെട്ടിപ്പടുത്ത് തോൽവിയറിയാത്ത സംഘമാക്കുന്നതിൽ മുൻ റയൽതാരത്തിന്റെ പങ്ക് നിർണായകമാണ്.

2022 ഒക്ടോബറിൽ പരിശീലക സ്ഥാനമേറ്റെടുക്കുമ്പോൾ തുടക്കം അത്ര മികച്ചതായിരുന്നില്ല. ജർമ്മൻ കപ്പിൽ ആദ്യറൗണ്ടിൽതന്നെ പുറത്താകുകയും ചാമ്പ്യൻസ് ലീഗിൽ പൊരുതി വീഴുകയും ചെയ്ത ക്ലബ് ഒരുഘട്ടത്തിൽ തരംതാഴ്ത്തൽ ഭീഷണിയും നേരിട്ടു. അവിടെനിന്നാണ് സ്പാനിഷ്താരം ക്ലബിനെ അടിമുടി മാറ്റിയത്. ഇതുവരെ 25 മത്സരങ്ങളിൽ നിന്നായി 23 വിജയമാണ് നേടിയത്. മൂന്ന് മാച്ചിൽ സമനില. അടിച്ച്കൂട്ടിയത് 81 ഗോളുകൾ. 18 ഗോൾമാത്രം വഴങ്ങിയപ്പോൾ 11 മത്സരങ്ങൾ ക്ലീൻഷീറ്റ് ലഭിച്ചു. ബുണ്ടെസ് ലീഗ കിരീടപോരാട്ടത്തിൽ മുന്നേറുന്നതോടൊപ്പം യൂറോപ്പ ലീഗ് കപ്പിലും തലപ്പത്തുണ്ട്.

പുതിയസീസണിന് മുന്നോടിയായി മികച്ച താരങ്ങളെ ടീമിനൊപ്പംചേർക്കാനായതും നേട്ടമായി. ആഴ്‌സനലിൽ നിന്ന് ഗ്രാനിറ്റ് ഷാക്കയെ ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കി. വിംഗുകളിലൂടെയുള്ള അക്രമണങ്ങൾക്ക് കരുത്തായി ജെമറി ഫ്രിപോംഗും അലക്‌സ് ഗ്രിമാൽഡോയും. മുന്നേറ്റനിരയിൽ ഗോളടിച്ച് കൂട്ടാൻ ജർമ്മൻ യുവതാരം ഫ്‌ളോറിയൻ വിർട്‌സ്. ചെക്ക് റിപ്പബ്ലിക് സൂപ്പർതാരം പാട്‌റിക്ക് ഷിക്കും മിന്നും ഫോമിലാണ്.

ഇതിനകം റയൽമാഡ്രിഡടക്കമുള്ള ക്ലബുകൾ മുൻ സ്പാനിഷ് താരത്തെ പരിശീലകസ്ഥാനത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. റയലിനായി 158 മത്സരങ്ങളിലാണ് മധ്യനിരതാരം ബൂട്ട് കെട്ടിയത്. ഒരു ഫസ്റ്റ് ടീമിനെ പോലും പരിശീലിപ്പിച്ച് പരിചയമില്ലാതിരുന്നിട്ടും ക്ലബിനെ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടപോകാനുള്ള കോച്ചിന്റെ കഴിവാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. തുടക്കത്തിൽ പ്രതിരോധത്തിലൂന്നിയും കൗണ്ടർ അറ്റാക്കിലൂടെയും കളിമെനയുന്ന സാബി അലോൻസോ പിന്നീട് പലതരം മാറ്റങ്ങളിലൂടെ കളംപിടിക്കുന്ന ശൈലിയാണ് ആവിഷ്‌കരിക്കുന്നത്. മറ്റുക്ലബുകളിലേക്കുള്ള കൂടുമാറ്റത്തെ തള്ളിയ സ്പാനിഷ് താരം തന്റെ മുന്നിലൊരു ലക്ഷ്യമിണ്ടുന്നും അത് ബുണ്ടെസ് ലീഗ കിരീടമാണെന്നും വ്യക്തമാക്കുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News