വാംഖഡെയില്‍ രഹാനെയുടെ 'മുംബൈ വധം'; ചെന്നൈയുടെ ജയം ഏഴ് വിക്കറ്റിന്
വാംഖഡെ സാക്ഷിയായത് വണ്‍ഡൌണായെത്തിയ അജിങ്ക്യ രഹാനെയുടെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങിനാണ്. ക്രീസിലെത്തിയതുമുതല്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് നിരന്തരം ബൌണ്ടറികള്‍ പിറന്നു...
വാംഖഡെയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങിലും ബൌളിങ്ങിലും ഒരുപോലെ പരാജയപ്പെട്ട മുംബൈക്കെതിരെ അനായാസ വിജയവുമായി ചെന്നൈ സൂപ്പര്‍കിങ്സ്. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറില്‍ വെറും 18.1 ഒവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അക്കൌണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ചെന്നൈക്ക് നഷ്ടപ്പെട്ടു. പക്ഷേ പക്ഷേ ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറയുന്നതുപോലെയായിരുന്നു ആ ചെന്നൈക്ക് ആ തിരിച്ചടി. കാരണം പിന്നീട് വാംഖഡെ സാക്ഷിയായത് വണ്‍ഡൌണായെത്തിയ അജിങ്ക്യ രഹാനെയുടെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങിനാണ്.
ക്രീസിലെത്തിയതുമുതല്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് നിരന്തരം ബൌണ്ടറികള്‍ പിറന്നു. ടി20 ക്രിക്കറ്റില്‍ രഹാനെ അധികപ്പറ്റാണെന്ന് നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നവര്‍ക്കുള്ള ക്ലാസ് മറുപടിയായിരുന്നു അജിങ്ക്യയുടേത്. ചെന്നൈയുടെ ടീം സ്കോര്‍ 82ല്‍ എത്തിയപ്പോഴാണ് പിന്നീട് മുംബൈ ഒന്ന് ശ്വാസം വിട്ടത്. പിയൂഷ് ചൌളയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി പുറത്താകുമ്പോഴേക്കും രഹാനെ ചെന്നൈയെ മികച്ച നിലയില്‍ത്തന്നെ എത്തിച്ചിരുന്നു.
27 പന്തില്‍ ഏഴ് ബൌണ്ടറികളും മൂന്ന് സിക്സറുകളുമുള്‍പ്പെടെ 61 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. പിന്നീടെത്തിയ ശിവം ദൂബെ 28 റണ്‍സെടുത്ത് പുറത്തായെങ്കിലും ഗെയ്ക്വാദും(40*) അമ്പാട്ടി റായിഡുവും(20*) ചേര്‍ന്ന് അധികം നഷ്ടമില്ലാതെ ചെന്നൈയെ വിജയതീരത്തെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ഓപ്പണിങ് വിക്കറ്റില്‍ നേടിയ 38 റണ്‍സൊഴിച്ചാല്‍ പിന്നീടങ്ങോട്ട് സ്വന്തം കാണികള്‍ക്ക് ഒരു ദുരന്ത കഥയായി മാറുകയായിരുന്നു. ഇഷാന്‍ കിഷനും ടിം ഡേവിഡുമൊഴിച്ച് ബാക്കിയൊരാള്‍ക്കും 30 റണ്‍സ് തികച്ചെടുക്കാന്‍ കഴിയാതിരുന്ന മത്സരത്തില്‍ മുംബൈ നിശ്ചിത 20 ഓവറില്‍ 157 റണ്‍സെടുത്തു. ജഡേജയുടെയും മിച്ചല്‍ സാന്‍ട്നറിന്‍റെയും സ്പിന്‍ കെണിയിലാണ് മുംബൈ വീണത്.
ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് മുംബൈക്ക് നല്‍കിയത്. പക്ഷേ ആ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. 3.6 ഓവറില്‍ ടീം സ്കോര്‍ 38 റണ്‍സെടുക്കുമ്പോഴേക്കും മുംബൈക്ക് രോഹിതിന്‍റെ(21) വിക്കറ്റ് നഷ്ടമായി. പിന്നീട് വരുന്നവരോരോന്നായി പവലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു. 38ന് ഒന്നെന്ന നിലയില്‍ നിന്ന് 76ന് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് മുംബൈ വീണു. ആ വീഴ്ചയില്‍ നിന്ന് കരകയറാന്‍ രോഹിതിനും സംഘത്തിനുമായില്ല എന്ന് തന്നെ പറയാം.
പിന്നീടെത്തിയവരില്‍ തിലക് വര്‍മയും(22) ടിം ഡേവിഡു(31)മൊഴിച്ച് ബാക്കിയാര്‍ക്കും ബാറ്റുകൊണ്ട് കാര്യമായ ഒരു സംഭാവനയും നല്‍കാനായില്ല. വാലറ്റക്കാരന്‍ ഹൃഥിക് ഷൊക്കീന്‍(18*) ആണ് മുംബൈ സ്കോര്‍ 150 കടത്തിയത്. ചെന്നൈക്കായി ജഡേജ മൂന്നും മിച്ചല്‍ സാന്‍ട്നറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.