ആ പുരസ്കാരം മറ്റാര്‍ക്ക് നല്‍കിയാലും അനീതിയായി പോകുമായിരുന്നു

ഐ.സി.സി യുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ

Update: 2025-01-29 09:21 GMT
ആ പുരസ്കാരം മറ്റാര്‍ക്ക് നല്‍കിയാലും അനീതിയായി പോകുമായിരുന്നു
AddThis Website Tools
Advertising

'ഞങ്ങളന്ന് ഒരാളെ മാത്രം അന്ധമായി വിശ്വസിച്ചു.. ഒരാളെ മാത്രം' നീണ്ട 17 വർഷത്തെ കിരീട വരൾച്ചൾക്ക് ശേഷം ടി20 ലോകകിരീടം ഇന്ത്യൻ മണ്ണിലെത്തുമ്പോൾ മൈക്കിന് മുന്നിൽ നിന്ന് ഇടറിയ സ്വരത്തിൽ മുഹമ്മദ് സിറാജ് ഇങ്ങനെ പറഞ്ഞു വച്ചു. വർത്തമാന കാല ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് അത്രയും പ്രതീക്ഷയോടെ ഒരേ ഒരാളെക്കുറിച്ചേ അങ്ങനെയൊരു വർത്തമാനം പറയാനാവൂ. ജസ്പ്രീത് ജസ്ബീർ സിങ് ബുംറ. കെൻസിങ്ടൺ ഓവലിൽ ഹെൻട്രിച് ക്ലാസൻ ഇന്ത്യൻ ബോളർമാരുടെ പന്തുകളെ വായുവിൽ നിന്നിറക്കാത്ത സമയം. ഒടുവിൽ അയാളുടെ കഥ തീർക്കാൻ ഹർദിക് പാണ്ഡ്യ തന്നെ വരേണ്ടി വന്നു. പ്രോട്ടീസിന്റെ പ്രതീക്ഷകൾക്കപ്പോഴും ഒട്ടും മങ്ങലേറ്റിരുന്നില്ല.

14 പന്തിൽ 21 റൺസാണാകെ ഇനി വിശ്വകിരീടത്തിലേക്കുള്ള ദൂരം. ക്രീസിൽ ഡേവിഡ് മില്ലർക്കൊപ്പം അത്യാവശ്യം നന്നായി തന്നെ ബാറ്റിങ് വശമുള്ള മാർക്കോ യാൻസൺ. ബുംറയെറിഞ്ഞ 18ാം ഓവറിൽ യാൻസന് തൊടാൻ പോലുമാകാതെ ഒരു വേഗപ്പന്ത് ലെഗ് സ്റ്റമ്പിന് മുകളിലെ ബെയിലിളക്കി കടന്ന് പോയി. ഹെൽമെറ്റിൽ ബാറ്റമർത്തി യാൻസൺ നിസഹായനായി ഗ്രൗണ്ട് വിടുന്നു. അമിതാവേശമൊന്നുമില്ലാതെ ബുംറ ആ വിക്കറ്റാഘോഷിച്ചു. അയാൾ അങ്ങനെയൊക്കെയാണ്. ക്രീസിൽ അണയാതെ കത്തിപ്പടരുന്ന മഹാമേരുക്കൾ പലരും ബുംറയുടെ പന്തുകളെ ഒന്ന് പ്രതിരോധിക്കാൻ പോലുമാവാതെ നിസ്സഹായരായിങ്ങനെ വീണുപോവുന്ന കാഴ്ചകൾ നമ്മൾ മുമ്പും പലവുരു കണ്ടിട്ടുണ്ട്.

ബാറ്റർമാരുടെ ശവപ്പറമ്പായ അമേരിക്കൻ പിച്ചുകളിൽ ബുംറയുടെ ചിറകിലേറിയാണ് ലോകകപ്പിൽ ഇന്ത്യ പല വിജയങ്ങളും കൈപ്പിടിയിലാക്കിയത്. ഒടുവിൽ മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം അയാളെ തന്നെ തേടിയെത്തി. ഒരു ചോദ്യത്തിനും സാധ്യതകളവശേഷിപ്പിക്കാതെയാണ് അന്നയാൾ ആ നേട്ടത്തിലേക്ക് നടന്നു കയറിയത്. ഇപ്പോഴിതാ 2024 ലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരിക്കുന്നു. ചോദ്യങ്ങളെയൊന്നും അവശേഷിപ്പിക്കാതെ തന്നെ. രാഹുൽ ദ്രാവിഡിനും സച്ചിൻ തെണ്ടുൽക്കർക്കും രവിചന്ദ്രൻ അശ്വിനും വിരാട് കോഹ്ലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരനാണ് ബുംറ. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പേസർ. ദിവസങ്ങൾക്ക് മുമ്പ് ഐ.സി.സി യുടെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം നേടി ദിവസങ്ങൾ കഴിയും മുമ്പേയാണ് ഇരട്ടി മധുരമായി ബുംറയെ തേടി സർ ഗാർഫീൽഡ് സോബേർസ് പുരസ്‌കാരവുമെത്തുന്നത്

2024 ഇന്ത്യൻ ക്രിക്കറ്റിൽ ജസ്പ്രീത് ബുംറ വർഷമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒരിതിഹാസമായി അയാൾ പടർന്നു പന്തലിച്ച വർഷം. ടി20 ലോകകപ്പിൽ 15 വിക്കറ്റുമായി ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിനെ മുന്നിൽ നിന്ന് നയിച്ച ബുംറ 8.26 ശരാശരിയിലാണ് ആ വലിയ നേട്ടത്തിലെത്തിയത്. ബാറ്റർമാർ അരങ്ങു വാഴുന്ന ടി20 മൈതാനങ്ങളിൽ 4.17 എക്കോണമിയിൽ ഒരു ബോളർക്ക് തന്റെ ക്യാമ്പയിൻ അവസാനിപ്പിക്കാനായാൽ അക്ഷരം തെറ്റാതെ അയാളെ ഇതിഹാസമെന്ന് വിളിക്കാം. ടെസ്റ്റ് ക്രിക്കറ്റിൽ പോയ വർഷം ബുംറ പോക്കറ്റിലാക്കിയത് 71 വിക്കറ്റുകളാണ്. അതും വെറും 13 മത്സരങ്ങളിൽ നിന്ന്. 2024 ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പേസ് ബോളറുടെ ഏറ്റവും മികച്ച പ്രകടനം.

വർഷങ്ങൾക്ക് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യ അടിയറ വച്ച ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് ബുംറയുടെ വിശ്വരൂപം ക്രിക്കറ്റ് ലോകം കണ്ടത്. അനായാസം കങ്കാരുക്കൾ വിജയം കൈപ്പിടിയിലാക്കുമെന്ന് കരുതിയ പല മത്സരങ്ങളേയും ഉദ്വേഗത്തിന്റെ കൊടുമുടി കയറ്റിയത് ബുംറയാണ്. അവസാന ടെസ്റ്റിൽ ബുംറ പരിക്കേറ്റ് പുറത്തായെന്ന് കേട്ടപ്പോഴാണ് ശ്വാസം തിരിച്ച് കിട്ടിയതെന്ന് പരസ്യമായി പ്രതികരിച്ച ഓസീസ് താരങ്ങൾ വരെയുണ്ട്. ബുംറയില്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായി പോയേനെ എന്ന ഓസീസ് ബോളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ പ്രസ്താവന അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഒരിന്നിങ്സിൽ പന്തെറിയാതിരുന്നിട്ടും അഞ്ച് മത്സരങ്ങളിൽ നിന്ന് ബുംറ പോക്കറ്റിലാക്കിയത് 32 വിക്കറ്റാണ്. ഇന്ത്യ തോറ്റ പരമ്പരയിൽ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം അയാൾക്കായിരുന്നു എന്നത് മാത്രം മതിയാവും അയാളുടെ റേഞ്ച് എത്രയാണെന്ന് മനസിലാക്കാൻ.

അടുത്ത മാസം അരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫിയിലും ബുംറയുടെ ചുമലിൽ തന്നെയാണ് ഇന്ത്യൻ ആരാധകരുടെ മുഴുവൻ പ്രതീക്ഷകളുടെയും ഭാരമുണ്ടാവുക. ഇന്ത്യൻ ക്രിക്കറ്റിൽ അയാളെപ്പോലെ കൺസിസ്റ്റൻറായി പന്തെറിയുന്നൊരു പേസർ പിറവി കൊള്ളും വരെ ആ ഭാരം അയാളുടെ ചുമലിൽ തന്നെ തുടരും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News