ഓസീസ് ചീട്ടു കീറി ഷമി, ജഡേജ, അശ്വിന്‍ ത്രയം; 263 റണ്‍സിന് പുറത്ത്

മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്

Update: 2023-02-17 12:13 GMT

peter handscomb

Advertising

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞ് കങ്കാരുപ്പട. ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് 263 റണ്‍സിന് കൂടാരം കയറി. നാഗ്പൂരില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച സ്പിന്‍ മാന്ത്രികരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും  ഒപ്പം മുഹമ്മദ് ഷമിയും  ഫോം തുടര്‍ന്നപ്പോള്‍  ഓസീസ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. ഷമി  നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

നാഗ്പൂരിൽ നാണംകെട്ട ശേഷം നടത്തിയ ശക്തമായ ഗൃഹപാഠവും ആസ്‌ട്രേലിയയെ തുണച്ചില്ലെന്നാണ് ഡല്‍ഹിയിലെ പ്രകടനം തെളിയിച്ചത്. ഉസ്മാൻ ഖവാജ(81)യ്ക്കും പീറ്റർ ഹാൻഡ്‌സ്‌കോമ്പിനും (72) മാത്രമാണ് അൽപമെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ അതിജീവിക്കാനായത്.  ആറു വിക്കറ്റ് നഷ്ടത്തിൽ 199 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട ആസ്ത്രേലിയയെ വാലറ്റത്ത് ഹാന്‍ഡ്സ് കോമ്പും നായകന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ്  250 കടക്കാന്‍ സഹായിച്ചത്.

ആദ്യദിനത്തെ ആദ്യമണിക്കൂറുകളിലെ പേസ് അപകടം ആസ്ട്രേലിയ അതിജീവിച്ചെങ്കിലും അക്കൗണ്ട് തുറക്കാൻ ഏറെ വിഷമിച്ച ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ നൽകി. ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരത് പിടിച്ചാണ് താരം പുറത്തായത്. തുടർന്ന് മൂന്നാം നമ്പറിലെത്തിയ മാർനസ് ലബുഷൈൻ ഓപണർ ഉസ്മാൻ ഖവാജയുമായി ചേർന്ന് കൂട്ടുകെട്ട് പടുക്കുന്നതു കണ്ടപ്പോൾ ആദ്യ ടെസ്റ്റിലെ ആസ്‌ട്രേലിയ അല്ല ഇതെന്നാണ് തോന്നിച്ചത്.

എന്നാൽ, വജ്രായുധങ്ങളുമായി അശ്വിൻ കാത്തിരിപ്പുണ്ടായിരുന്നു. ഒരേ ഓവറിൽ ലബുഷൈനെയും സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അശ്വിൻ കങ്കാരുക്കൾക്ക് കനത്ത പ്രഹരം നൽകി. ലബുഷൈൻ 18 റൺസുമായി വിക്കറ്റിനു മുന്നിൽ കുരുങ്ങിയും സ്മിത്ത് ഡക്കായി കീപ്പർ ഭരതിന് ക്യാച്ച് നൽകിയുമാണ് മടങ്ങിയത്.

ആദ്യ ടെസ്റ്റിൽ പുറത്തിരുത്തിയതിന് ഓസീസ് മാനേജ്‌മെന്റ് ഏറെ പഴികേട്ട ട്രാവിസ് ഹെഡ് ഒരിക്കൽകൂടി രക്ഷകനാകുമെന്ന് പ്രതീക്ഷിച്ച ആരാധകർക്കും പിഴച്ചു. വെറും 12 റൺസുമായി ഷമിയുടെ പന്തിൽ കെ.എൽ രാഹുലിന് ക്യാച്ച് നൽകി ഹെഡ് മടങ്ങി. അധികം വൈകാതെ അലെക്‌സ് ക്യാരിയെ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ച് അശ്വിൻ വീണ്ടും ആസ്‌ട്രേലിയയ്ക്ക് തലവേദന സൃഷ്ടിച്ചു.

പിന്നീട് ഹാന്‍ഡ്സ് കോമ്പും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ആസ്ത്രേലിയക്ക് ചെറിയൊരു ആശ്വാസം നല്‍കി. ഒടുക്കം 33 റണ്‍സ് എടുത്ത കമ്മിന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ നിര്‍ണായക കൂട്ടുകെട്ട് തകര്‍ത്തു. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും അതികം പിടിച്ചു നില്‍ക്കാനായില്ല. വാലറ്റക്കാരായെത്തിയ നതാന്‍ ലിയോണിന്‍റേയും കുന്‍മാന്‍റേയും കുറ്റി തെറിപ്പിച്ച് ഷമി ഓസീസിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News