പരമ്പരക്കിടെ പാറ്റ് കമ്മിന്‍സിന്‍റെ അമ്മയുടെ മരണവാര്‍ത്ത; കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനിറങ്ങി ഓസീസ് താരങ്ങള്‍
ഏഴ് വർഷത്തോളമായി മരിയ ബ്രസ്റ്റ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു
ആസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിൻസിന്റെ അമ്മ മരിയ കമ്മിൻസ് അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ക്രിക്കറ്റ് ആസ്‌ത്രേലിയ ഔദ്യോഗിക ട്വീറ്റിലൂടെയാണ് മരണവാർത്ത ആരാധകരെ അറിയിച്ചത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് മരിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മരിയ കമ്മിൻസിനോടുള്ള ആദരസൂചകമായി ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കറുത്ത ആം ബാൻഡ് ധരിച്ചാണ് ആസ്‌ട്രേലിയൻ ടീം കളിക്കാനിറങ്ങിയത്. മരിയയുടെ വിയോഗത്തിൽ ബി.സി.സി.ഐ അനുശോചനം രേഖപ്പെടുത്തി.
ഏഴ് വർഷത്തോളമായി മരിയ ബ്രസ്റ്റ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ നില വഷളായതിനെ തുടർന്ന് പാറ്റ് കമ്മിൻസ് രണ്ടാം ടെസ്റ്റിന് ശേഷം നാട്ടിലേക്ക് തിരിച്ചിരുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ബാക്കി മത്സരങ്ങളിൽ സ്റ്റീവ് സ്മിത്താണ് ആസ്‌ട്രേലിയൻ ടീമിനെ നയിക്കുന്നത്.