ദോക്യോവിച്ചിനെ വീണ്ടും അടിയറവ് പറയിച്ചു; വിംബിൾഡനിൽ അൽകാരസിെൻറ രണ്ടാം മുത്തം
ലണ്ടൻ: ടെന്നിസിലെ ഏറ്റവും തിളക്കമുള്ള കിരീടമായ വിംബിൾഡൺ വീണ്ടും സ്പെയിനിലേക്ക്. പോയ വർഷത്തിെൻറ ആവർത്തനമായ ഫൈനലിൽ സെർബിയയുടെ നൊവാക് ദോക്യോവിച്ചിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് കാർലോസ് അൽകാരസിെൻറ കിരീട നേട്ടം.
സാങ്കേതികത്തികവുള്ള നൊവാക് ദോക്യോവിച്ചിനെ ആദ്യ രണ്ട് സെറ്റുകളിലും അൽകാരസ് നിലം തൊടിച്ചില്ല. രണ്ടുസെറ്റുകളിലും 6-2 എന്ന സ്കോറിനാണ് അൽകാരസ് അടിയറവ് പറയിച്ചത്. മൂന്നാം സെറ്റിൽ സ്വതസിദ്ധമായ പോരാട്ടവീരം ദോക്യോ പുറത്തെടുത്തെങ്കിലും ടൈം ബ്രേക്കറിൽ അൽകാരസ് മത്സരം പിടിച്ചെടുക്കുകയായിരുന്നു.
21 കാരനായ അൽകാരസിെൻറ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഈ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയ അൽകാരസ് വിംബിൾഡണിലെ തുടർച്ചയായ കിരീട നേട്ടത്തോടെ ലോക ടെന്നീസിലെ മുടിചൂടാ മന്നനാകുകയാണ്.
പോയ വർഷം നടന്ന കലാശപ്പോരിൽ അഞ്ച് സെറ്റ് നീണ്ട കടുത്ത പോരിനൊടുവിലായിരുന്നു അൽകാരസിെൻറ വിജയം. എന്നാൽ ഒരു വർഷത്തിനിപ്പുറം പ്രായമേറിയ ദോക്യോവിച്ചിനെയും കൂടുതൽ പക്വതയാർജിച്ച അൽകാരസിനെയുമാണ് പുൽകോർട്ടിൽ കണ്ടത്. 25ാം ഗ്രാൻഡ് സ്ലാമെന്ന സ്വപ്ന നേട്ടത്തിനായി ദോക്യോവിച്ചിന് ഇനിയും കാത്തിരിക്കേണ്ടി വരും.