22 വർഷങ്ങൾ!; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ
പാരിസ്: ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് ഡബിൾസിൽ ഞായറാഴ്ച കളിച്ചത് അവസാന മത്സരമാണെന്ന് ബൊപ്പണ്ണ അറിയിച്ചു. ബൊപ്പണ്ണ-എൻ.ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച് സഖ്യമായ ഗെയ്ൽ മോൺഫിൽസ്- റോജർ വാസലിനോട് ആദ്യറൗണ്ടിൽ പരാജയപ്പെട്ടിരുന്നു.
‘‘ഇത് രാജ്യത്തിനായുള്ള എെൻറ അവസാനത്തെ മത്സരമാണ്. ഇപ്പോൾ നേടിയതെല്ലാം ബോണസായാണ് കാണുന്നത്. ഇന്ത്യയെ രണ്ടുപതിറ്റാണ്ടോളം കാലം പ്രതിനിധീകരിക്കാനാകുമെന്ന് കരുതിയില്ലായിരുന്നു. 2002ൽ അരങ്ങേറിയ എനിക്ക് 22 വർഷങ്ങൾക്ക് ശേഷവും രാജ്യത്തെ പ്രതിനിധീകരിക്കാനാകുന്നതിൽ അഭിമാനമുണ്ട്’’ -ബൊപ്പണ്ണ പ്രതികരിച്ചു. ഡേവിസ് കപ്പിൽ നിന്നും താരം നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം താരം എ.ടി.പി ടൂറുകളിൽ താരം ഇനിയും പങ്കെടുക്കും.
44 കാരനായ രോഹൻ ബൊപ്പണ്ണ 2002മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു. 2017 ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഗ്രബ്രിയേൽ ഡബ്രോവ്സ്കിക്കൊപ്പവും 2024 ആസ്ട്രേലിയൻ ഓപ്പണിൽ മാത്യൂ എബ്ദനൊപ്പവും ജേതാവായി. പാകിസ്താൻ താരമായ ഐസാമുൽ ഹഖ് ഖുറേഷിയുമായി ഏഴുവർഷത്തോളം നീണ്ട കൂട്ടുകെട്ടിൽ 2010 യു.എസ് ഓപ്പൺ റണ്ണേഴ്സ് അപ്പായി. 2016 റിയോ ഒളിമ്പിക്സിൽ ബൊപ്പണ്ണ-സാനിയ മിർസ സഖ്യം മെഡലിന് തൊട്ടരികെ നാലാംസ്ഥാനത്താണ് വീണത്. പോയവർഷം നടന്ന ഏഷ്യൻ ഗെയിംസിൽ റുഥുജ ഭോസ്ലെ-ബൊപ്പണ്ണ സഖ്യം സ്വർണമെഡൽ നേടിയിരുന്നു.