സൂക്ഷിക്കുക! പ്രതിദിനം നിങ്ങളുടെ ഫോണിലേക്ക് വരുന്നത് 12 തട്ടിപ്പ് സന്ദേശങ്ങൾ
തട്ടിപ്പാണെന്ന് മനസിലാകാത്ത രീതിയിൽ തയ്യാറാക്കപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ പലരെയും വലിയ സമ്മർദ്ദത്തിലാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്
ഇന്ത്യയിൽ പ്രതിദിനം കോടികണക്കിന് രുപയുടെ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർക്ക് പ്രതിദിനം ഏകദേശം 12 തട്ടിപ്പ് മെസേജുകളോ മെയിലുകളോ ലഭിക്കുന്നുണ്ടെന്നാണ് സമീപകാല സർവേകൾ സൂചിപ്പിക്കുന്നത്. തട്ടിപ്പാണെന്ന് മനസിലാകാത്ത രീതിയിൽ തയ്യാറാക്കപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ പലരെയും വലിയ സമ്മർദ്ദത്തിലാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്. സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഉപയോക്താക്കൾ ആഴ്ചയിൽ 1.8 മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആന്റിവൈറസ് സോഫ്റ്റർവെയറായ മക്കഫി (McAfe) ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലായി ഈ വർഷം നടത്തിയ സർവേ പ്രകാരമുള്ള പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. എ.ഐ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന തട്ടിപ്പു സന്ദേശങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും എളുപ്പമാകണമെന്നില്ല. അതുകൊണ്ട് തന്നെ സൈബർ ആക്രമണങ്ങളിൽ കുടതലായും ഇരയാകുന്നത് സാധാരണക്കാരായ ആളുകളാണെന്നും പഠനം വ്യക്തമാക്കുന്നു.
എ.ഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എ.ഐ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്. തങ്ങൾ വ്യാജ സന്ദേശങ്ങളിൽ വീഴുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 82 ശതമാനം ഇന്ത്യക്കാരും സമ്മതിക്കുന്നുണ്ട്. അക്ഷരത്തെറ്റുകളുടെയോ മറ്റ് പിശകുകളുടെയോ ആഭാവം കാരണം സന്ദേശങ്ങൾ തട്ടിപ്പാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് പലരും പറയുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
സന്ദേശങ്ങളായി ലഭിക്കുന്ന തട്ടിപ്പുരീതികൾ
- സമ്മാനം ലഭിച്ചുവെന്ന് കാണിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ് ഏറ്റവും കൂടുതൽ പേർക്ക് ലഭിക്കുന്നത്. ഇതിനൊപ്പം ഒരു ലിങ്കും നൽകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നതാണ് ഇതിന്റെ രീതി.
- നിങ്ങൾ നടത്താത്ത പർച്ചേസിന്റെ വിവരങ്ങളുമായുള്ള സന്ദേശം
- നിങ്ങൾ ഓൺലൈനിൽ പർച്ചേസ് ചെയ്യാത്ത സാധനത്തിന്റെ ഡെലിവറി ചെയ്യാൻ സാധിക്കുന്നില്ലെന്ന് കാട്ടിയുള്ള സന്ദേശം
- ആമസോൺ സുരക്ഷാ അലേർട്ട്, അല്ലെങ്കിൽ അക്കൗണ്ട് അപ്‌ഡേറ്റുകൾ സംബന്ധിച്ച അറിയിപ്പ് സന്ദേശങ്ങൾ
- നിങ്ങൾ അക്കൗണ്ട് എടുത്തിരിക്കുന്ന ബാങ്കുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ. ഉദാ- താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും അതിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫിൽ ചെയ്ത് നൽകാനുമൊക്കെ ആവശ്യപ്പെട്ടേക്കാം. ആദ്യ ബാങ്കിൽ വിളിച്ച് സ്ഥിരീകരിച്ചതിന് ശേഷം മാത്രം കാര്യങ്ങൾ ചെയ്യുക.
- ഫ്ലിപ്കാർട്ട്-ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളുടെ സ്പിൻ ആൻഡ് വിൻ ഓഫറുകളിലൂടെ വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങൾ.