അലെക്‌സ ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആരെയും അനുകരിക്കും; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ആമസോൺ

പ്രിയപ്പെട്ട താരങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാം ആമസോണ്‍ അലെക്‌സ അനുകരിക്കും

Update: 2022-06-23 10:01 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: കൗതുകമുണർത്തുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വിർച്വൽ വോയിസ് അസിസ്റ്റന്റായ ആമസോൺ അലെക്‌സ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആരുടെ ശബ്ദത്തിലും ഇനി അലെക്‌സ സംസാരിക്കും. ആരുടെ ശബ്ദവും അനുകരിക്കാവുന്ന തരത്തിലേക്ക് അലെക്‌സയെ അപ്‌ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആമസോൺ.

ലാസ് വേഗസിൽ നടന്ന ആമസോൺ കോൺഫറൻസിൽ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരിക്കിടയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് ചെറിയൊരു ആശ്വാസമെന്ന നിലയ്ക്കാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചതെന്നാണ് രോഹിത് പറഞ്ഞത്. മരിച്ചാലും മരിക്കാതെ പ്രിയപ്പെട്ടവരുടെ ശബ്ദം കൂടെനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പ്രിയപ്പെട്ട താരങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാം അലെക്‌സ അനുകരിക്കും. എന്നാൽ, ഇതോടൊപ്പം കുടുംബത്തിലെ മരിച്ചുപോയ മുത്തശ്ശിമാരുടെ ശബ്ദംവരെ അനുകരിക്കുന്നതായിരിക്കും പുതിയ ഫീച്ചറെന്നാണ് ശ്രദ്ധേയമായ കാര്യം. മുത്തശ്ശിയുടെ  കഥ കേൾക്കാൻ കാത്തിരിക്കുന്ന കൊച്ചുമക്കൾക്ക് ഇനി അലെക്‌സയുടെ സഹായം തേടാനാകും.

അതേസമയം, പുതിയ അപ്‌ഡേഷൻ എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. വലിയ തോതിൽ ദുരുപയോഗത്തിനുകൂടി സാധ്യതയുള്ളതിനാൽ മേഖലയിലുള്ളവരുടെ വിദഗ്ധ അഭിപ്രായങ്ങൾ തേടിയ ശേഷമായിരിക്കും എന്തായാലും ഈ ഫീച്ചർ അവതരിപ്പിക്കുകയെന്ന് വ്യക്തമാണ്. നേരത്തെ, ക്വാർട്ടാനയിലൂടെ മൈക്രോസോഫ്റ്റും സമാനമായ ഫീച്ചർ അവതരിപ്പിച്ചെങ്കിലും ദുരുപയോഗത്തെ തുടർന്ന് ഇത് നിയന്ത്രിച്ചിരുന്നു.

പൂർണമായും സ്വയം നിർണയശേഷിയുള്ള റോബോട്ടിനെ നിർമിക്കുമെന്ന് അടുത്തിടെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പ്രോട്ടിയസ് എന്ന പേരിലുള്ള ഈ റോബോട്ടിന് ഒരു തരത്തിലുമുള്ള മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Summary: Amazon.com Inc is developing a system to let Alexa , the company's voice assistant, mimic any voice 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News