'ഹേയ് സിരി' വേണ്ട; വെറും 'സിരി' മതി; മാറ്റത്തിനൊരുങ്ങി ആപ്പിൾ
2024 ഓടെ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആപ്പിളിന്റെ വോയ്‍സ് അസിസ്റ്റന്റായ 'ഹേയ് സിരി'യുടെ കമാന്റിൽ മാറ്റം വരുത്താനൊരുങ്ങി കമ്പനി. നിലവിൽ, ഐ ഫോണുകളിലോ ആപ്പിൾ സ്പീക്കറുകളിലോ വോയ്സ് അസിസ്റ്റന്റ് പ്രവർത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കൾ സിരിക്ക് മുമ്പ് 'ഹേയ്' ചേർക്കണം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ 'ഹേയ്' ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്ന് മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു.
കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും ഇത് വലിയ വെല്ലുവിളിയാണെന്ന് ഗുർമാൻ പറയുന്നു. ഈ മാറ്റത്തിന് ഗണ്യമായ അളവിലുള്ള പരിശീലനവും അടിസ്ഥാന എഞ്ചിനീയറിംഗ് ജോലികളും ആവശ്യമാണ്. 'സിരി'യുടെ നിർമിത ബുദ്ധിയെ ഇത് പരിശീലിപ്പിക്കുക എന്നതാണ് എൻജിനീയർമാരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
സാങ്കേതിക വെല്ലുവിളികൾക്ക് പുറമെ, വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്നവരുടെ ഉച്ചാരണങ്ങളും ഭാഷാഭേദങ്ങളും കണ്ടെത്താനുള്ള കഴിവും സിരിക്ക് മെച്ചപ്പെടുത്തണം. 2024 ഓടെ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് ആപ്പിളും പ്രതീക്ഷിക്കുന്നത്.പുതിയമാറ്റത്തോടെ ഉപയോക്താക്കളെ മനസ്സിലാക്കാനും ശരിയായ നടപടി സ്വീകരിക്കാനുമുള്ള സിരിയുടെ കഴിവ് മെച്ചപ്പെടുത്താനും ആപ്പിൾ ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ ആപ്പിളിന്റെ ഹോംപാഡിലും മറ്റുമുള്ള വോയിസ് അസിസ്റ്റന്റ് ആക്ടിവേറ്റാകാൻ ഹേയ്, സിരി എന്നീ രണ്ടുവാക്കുകൾ വ്യക്തതയോടെ ഉച്ചരിക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതാകും.