സ്വന്തം ബഹിരാകാശ നിലയത്തിൽ ആറ് മാസം: ദൗത്യം പൂർത്തിയാക്കി ചൈനീസ് സഞ്ചാരികൾ മടങ്ങി
ചൈനയുടെ തിയാൻഗോങ് സ്‌പെയ്‌സ് സ്റ്റേഷന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജൂൺ 5നാണ് സംഘം നിലയത്തിലെത്തിയത്
ബെയ്ജിങ്: ചൈന സ്വന്തമായി വികസിപ്പിച്ച ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യത്തിന് ശേഷം മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ഷെൻസൗ-14 സ്‌പെയ്‌സ് ക്രാഫ്റ്റിൽ ഇന്നലെ വൈകുന്നേരം ചൈനയുടെ ഇന്നർ മംഗോളിയ പ്രദേശത്തായിരുന്നു ലാൻഡിങ്.
ചൈനയുടെ തിയാൻഗോങ് സ്‌പെയ്‌സ് സ്റ്റേഷന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജൂൺ 5നാണ് സംഘം നിലയത്തിലെത്തിയത്. ദൗത്യം വിജയകരമായിരുന്നുവെന്നാണ് സംഘാംഗങ്ങളുടെ പ്രതികരണം. ഏറെ നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും ബഹിരാകാശ നിലയത്തിലെ അനുഭവം മറക്കാനാവാത്തതാണെന്നും ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി യാങ് പറഞ്ഞു.
അതേസമയം ബഹിരാകാശ സഞ്ചാരികളുടെ പുതിയ സംഘം ബുധനാഴ്ച നിയത്തിലെത്തിയിട്ടുണ്ട്. ആറ് മാസമാണ് ഇവരും നിലയത്തിൽ ചിലവഴിക്കുക. നിലയത്തിന് ചുറ്റും ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിന്റെ മേൽനോട്ടം വഹിക്കലാണ് സംഘത്തിന്റെ ചുമതല. സോവിയറ്റ് യൂണിയനും യുഎസിനും ശേഷം ബഹിരാകാശ നിലയം സ്ഥാപിക്കുകയും ബഹിരാകാശ യാത്രികരെ നിലയത്തിലെത്തിക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന.