"പണം കൊണ്ട് വിരട്ടാൻ നോക്കണ്ട; എക്സിൽ നിങ്ങളുടെ പരസ്യം വേണ്ട..." ബഹിഷ്കരിച്ച കമ്പനികളോട് ഇലോൺ മസ്ക്

ബഹിഷ്കരണം പ്രഖ്യാപിച്ച ആപ്പിൾ അടക്കമുള്ള കമ്പനികൾക്കെതിരെ അശ്ലീലപദവും മസ്ക് ഉപയോഗിച്ചു

Update: 2023-11-30 10:16 GMT
Editor : André | By : Web Desk
Advertising

തന്റെ ഉടമസ്ഥയിലുള്ള സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) പരസ്യം ചെയ്യുന്നതിൽ നിന്ന് പിന്മാറിയ വൻകിട കമ്പനികൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇലോൺ മസ്ക്. ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് എക്സിനെ ബഹിഷ്കരിച്ച ആപ്പിൾ, വാൾട്ട് ഡിസ്നി, ഐ.ബി.എം തുടങ്ങിയ വൻകിടക്കാർക്കെതിര മസ്ക് തുറന്നടിച്ചത്. "പരസ്യം കൊണ്ടോ പണം കൊണ്ടോ തന്നെ വിരട്ടാൻ നോക്കുന്നവരോട് പറയാനുള്ളത് എക്സിൽ പരസ്യം ചെയ്യേണ്ടതില്ലെന്നാണ്.' - മസ്ക് പറഞ്ഞു. ബഹിഷ്കരിക്കുന്നവർക്കെതിരെ അശ്ലീലപദവും മസ്ക് പ്രയോഗിച്ചു.

"നിങ്ങൾ പരസ്യം ചെയ്യണ്ട. പരസ്യം ചെയ്യുന്നതുപയോഗിച്ചും പണം ഉപയോഗിച്ചും നിങ്ങൾ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെങ്കിൽ പോയി സ്വയം **** ചെയ്യൂ... പോയി **** ചെയ്യൂ. കാര്യം മനസ്സിലായില്ലേ?" എന്നായിരുന്നു മസ്കിന്റെ വാക്കുകൾ. ഡിസ്നി ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗറിനെ മസ്ക് പേരെടുത്ത് പരാമർശിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ ഗസ്സ അധിനിവേശം സംബന്ധിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും വീഡിയോകൾക്കും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ സെൻസർഷിപ്പ് ഏർപ്പെടുത്തിയപ്പോൾ എക്സ് അത്തരം നടപടികൾക്ക് മുതിർന്നിരുന്നില്ല. മറ്റ് മാധ്യമങ്ങൾ ഇസ്രായേൽ ഭരണകൂടത്തിന്റെ ഭാഷ്യത്തിന് മാത്രം അംഗീകാരം നൽകിയപ്പോൾ എക്സിൽ ഹമാസ് അടക്കമുള്ളവരുടെ ഭാഷ്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ വിമർശനമാണ് മസ്ക് നേരിടേണ്ടി വന്നത്. ജൂതമതസ്ഥർ ഇരവാദം നടത്തുകയാണെന്നുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ ശരിവെച്ചു കൊണ്ടുള്ള മസ്കിന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വ്യക്തിപരമായ വിമർശനം ശക്തമായത്.

ഇതിനു പിന്നാലെയാണ്, വിവിധ കമ്പനികൾ നൽകുന്ന പരസ്യങ്ങൾ എക്സിൽ പ്രത്യക്ഷപ്പെടുന്നത് നാസി അനുകൂല, ജൂതവിരുദ്ധ പോസ്റ്റുകൾക്കൊപ്പമാണെന്നാരോപിച്ച് ആപ്പിൾ അടക്കമുള്ള കമ്പനികൾ ബഹിഷ്കരണം നടത്തിയത്. ഇതിനെതിരെയാണ് മസ്ക് ഇപ്പോൾ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.

2022-ലാണ് 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്ററിനെ വാങ്ങിയതും പിന്നീട് എക്സ് എന്ന് പേരുമാറ്റിയതും. എക്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അദ്ദേഹം ഈയിടെ വ്യക്തമാക്കിയിരുന്നു. പ്രധാനമായും പരസ്യവരുമാനം കൊണ്ട് നിലനിൽക്കുന്ന എക്സിന് വൻകിട കമ്പനികളുടെ ബഹിഷ്കരണം വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News