ട്വിറ്റർ വാങ്ങുന്നില്ലെന്ന് മസ്‌ക്; നിയമനടപടിയുമായി പോകുമെന്ന് ട്വിറ്റർ
കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്ന് ആരോപണം
ന്യൂയോര്‍ക്ക്: ട്വിറ്ററുമായുള്ള 4, 400 കോടി ഡോളറിന്റെ ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും ഇലോൺ മസ്‌ക് ആരോപിച്ചു. ഇക്കാരണത്താലാണ് ട്വിറ്റർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നതെന്നും മസ്‌ക് പറഞ്ഞു.
സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകളാണ് മസ്‌ക് ആവശ്യപ്പെട്ടത്. 4,400 കോടി ഡോളറിനാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കരാറായിരുന്നത്.
മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾ 6ശതമാനം ഇടിഞ്ഞു. അതേസമയം, മസ്‌കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ട്വിറ്റർ അറിയിച്ചു. ഏപ്രലിലായിരുന്നു ട്വിറ്റർ വാങ്ങുമെന്ന് മസ്‌കിന്റെ പ്രഖ്യാപിച്ചത്.